ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തിന് നഷ്ടമുണ്ടായെന്ന സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തലിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. സൈന്യത്തിനുണ്ടായ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തണം. പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ച് പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണം. കാർഗിൽ റിവ്യൂ കമ്മിറ്റിയുടെ മാതൃകയിൽ ഓപ്പറേഷന്‍ സിന്ദൂറിൽ അവലോകന സമിതി രൂപീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടോ എന്നതിൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാൽ, സംഘർഷത്തിൽ ഇന്ത്യക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന സംയുക്ത സൈനിക മേധാവി അനിൽ ചൗഹാന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേന്ദ്രസർക്കാർ വ്യക്തത വരുത്തണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം കൂടുതൽ ശക്തമായത്.
മോദി സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും യാർഥാർഥ്യം നീങ്ങാനുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വാദത്തിൽ വ്യക്തത വരുത്തുന്നതിന് പകരം സൈനിക നടപടികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ക്രെഡിറ്റായി പ്രചരിപ്പിക്കുകയാണ്. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയെന്ന് കേന്ദ്രസർക്കാർ ജനങ്ങളോട് വെളിപ്പെടുത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ അന്താരാഷ്ട്ര വാർത്താ ഏജൻസികൾക്ക് നൽകിയ അഭിമുഖങ്ങളിലെ വെളിപ്പെടുത്തലിൽ നിരവധി ചോദ്യങ്ങൾ ബാക്കിയുണ്ട്. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് തിരിച്ചടിയുടെ വസ്തുതകള്‍ വിദേശമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതെന്ന് തൃണമൂൽ കോൺഗ്രസും പ്രതികരിച്ചു. കാര്‍ഗില്‍ യുദ്ധത്തിനുശേഷം വാജ്‌പേയി സര്‍ക്കാര്‍ കാര്‍ഗില്‍ അവലോകന സമിതി രൂപീകരിച്ചിരുന്നു. ഇതേ മാതൃകയിൽ സ്വതന്ത്ര വിദഗ്ധ സമിതിയെക്കൊണ്ട് പ്രതിരോധ തയ്യാറെടുപ്പുകൾ സമഗ്രമായി അവലോകനം ചെയ്യണമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
കോൺഗ്രസ് ആരോപണങ്ങളിൽ കേന്ദ്രസർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പ്രതികരിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പാർലമെൻ്റിൽ എല്ലാത്തിനും മറുപടി നൽകാൻ തയ്യാറാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.