രാജ്യതലസ്ഥാനം പ്രതിഷേധക്കടലാക്കി ഇന്ത്യാ സഖ്യത്തിന്‍റെ മിന്നൽ സമരം. രാഹുൽ ഗാന്ധി നയിച്ച സുപ്രിംകോടതി പരിസരത്തേക്കുള്ള മാർച്ചിൽ അഖിലേഷും തേജസ്വിയും ഇടത് നേതാക്കളും ഉൾപ്പെടെ അണിചേർന്നു. ഇരമ്പിയാർത്ത് എത്തിയ പ്രതിഷേധക്കാരെ തടയാനാകാത്ത സ്ഥിതിയിലായിരുന്നു സുരക്ഷാസേന.
വൻ ജനസാഗരം തന്നെയാണ് പ്രതിപക്ഷം ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയുടെ തെരുവിലേക്കെത്തിയത്. ഇൻഡ്യാ സഖ്യം ഇതുവരെ നടത്തിയ ഏറ്റവും ജനപങ്കാളിത്തമുള്ള പൊതുജന റാലിയായി ഇന്നത്തെ ഡൽഹി ചലോ മാർച്ച് ചരിത്രത്തിലിടം പിടിച്ചു. ചടുലവും ആസൂത്രിതവുമായ നീക്കങ്ങൾ സമരത്തിൻ്റെ ഭാഗമായി പങ്കുചേർന്ന ജനങ്ങളേയും ആവേശത്തിലാറാടിച്ചു.
ഇതിനിടയിൽ നിരവധി പേരെ ഡൽഹി പൊലീസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. നേരത്തെ ഏതാനും നേതാക്കളെ ചീഫ് ജസ്റ്റിസിനെ കാണാൻ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ സുപ്രീം കോടതിയിലെത്തി പരാതി കൈമാറി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകാനായി മുന്നേറിയ ഇൻഡ്യ സഖ്യ നേതാക്കളുടെ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. മണ്ഡി ഹൗസിന് തൊട്ടടുത്ത് വച്ചാണ് പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞത്. ഡൽഹി ചലോ റാലിയെ മുന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഐസ നേതാവ് നേഹ ബോറ, മറ്റു ഇന്ത്യ സഖ്യ നേതാക്കൾ എന്നിവർ ഉടനടി തുറന്ന വാഹനത്തിലേക്ക് മാറ്റുകയും അണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.