പരാതിക്കാരൻ കമലേഷ് Source: NDTV
NATIONAL

ഇതെന്ത് നീതി? സ്വാതന്ത്ര്യദിനത്തിൽ എല്ലാവർക്കും രണ്ട് ലഡു, തനിക്ക് മാത്രം ഒരെണ്ണം; മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ പരാതി നൽകി യുവാവ്

കമലേഷിൻ്റെ പരാതി ഫലം കാണുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്

അനീതിയുണ്ടായാൽ ശബ്ദമുയർത്തി പ്രതികരിക്കുക തന്നെ വേണം, പ്രത്യേകിച്ച് ഭക്ഷണത്തിൻ്റെ കാര്യത്തിൽ. സർക്കാരിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ടല്ലേ. റോഡുകളുടെ ശോചനീയവസ്ഥയിൽ തുടങ്ങി വ്യക്തിഗത പ്രശ്നങ്ങൾക്ക് വരെ പലരും ഭരണകൂടത്തെ സമീപിക്കാറുണ്ട്. എന്നാൽ മധ്യപ്രദേശിലെ ഈ പരാതി ഇത്തിരി വെറൈറ്റിയാണ്. സ്വാതന്ത്ര്യദിനത്തിൽ തനിക്ക് മാത്രം രണ്ട് ലഡു കിട്ടിയില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.

മധ്യപ്രദേശ് ഭിന്ദ് സ്വദേശിയായ കമലേഷ് കുശ്വാഹയാണ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ തനിക്ക് മാത്രം രണ്ട് ലഡു കിട്ടിയില്ലെന്ന പരാതി ഉന്നയിച്ചത്. ഗ്രാമപഞ്ചായത്ത് ഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് സംഭവം. പതാക ഉയർത്തൽ ചടങ്ങിനുശേഷം, പങ്കെടുത്ത എല്ലാവർക്കും ലഡു വിതരണം ചെയ്തിരുന്നു. കമലേഷ് കുശ്വാഹ ഊഴമെത്തിയപ്പോൾ, ഇയാൾക്ക് ഒരു ലഡുവാണ് ലഭിച്ചത്.

പിന്നാലെ കമലേഷ് തനിക്ക് രണ്ട് ലഡു വേണമെന്ന് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ, പഞ്ചായത്ത് കെട്ടിടത്തിന് പുറത്ത് നിന്ന് ഇയാൾ മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി. പതാക ഉയർത്തിയതിന് ശേഷം പഞ്ചായത്ത് ശരിയായി മധുരപലഹാരങ്ങൾ വിതരണം ചെയ്തില്ലെന്നും, വിഷയം പരിഹരിക്കേണ്ടതുണ്ടെന്നുമായിരുന്നു കമലേഷിൻ്റെ പരാതി. ഗ്രാമ സര്‍പഞ്ചിനും സെക്രട്ടറിക്കും എതിരെയാണ് ഇദ്ദേഹം പരാതിപ്പെട്ടത്.

എന്നാൽ കമലേഷിൻ്റെ പരാതി ഫലം കണ്ടു. മാർക്കറ്റിൽ നിന്നും ഒരു കിലോഗ്രാം മധുരപലഹാരങ്ങൾ വാങ്ങി നൽകിയാണ് ഒടുവിൽ പഞ്ചായത്ത് കമലേഷിൻ്റെ പരാതി തീർത്തത്.

അതേസമയം കമലേഷ് ഒരു സ്ഥിരം പരാതിക്കാരനാണെന്ന് പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പറയുന്നു. റോഡുകളുടെയും അഴുക്കുചാലുകളുടെയും കാര്യമടക്കം നൂറിലേറെ പരാതികളാണ് ഇയാള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് ഉന്നയിച്ചിട്ടുള്ളത്.

SCROLL FOR NEXT