പ്രതീകാത്മക ചിത്രം  Source: Meta AI
NATIONAL

ലഡ്‌കി ബഹിൻ യോജനയുടെ ആനുകൂല്യം നേടിയത് 14,000 പുരുഷന്മാർ; മഹാരാഷ്ട്രയിലെ തട്ടിപ്പ് പുറത്തുവന്നത് 10 മാസങ്ങൾക്ക് ശേഷം

സ്ത്രീകൾക്ക് വേണ്ടിയുള്ള ലഡ്കി ബഹിൻ യോജന എന്ന പദ്ധതിയിലൂടെയാണ് പുരുഷന്മാർ സാമ്പത്തിക ആനുകൂല്യം സ്വന്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയുടെ ആനുകൂല്യം നേടിയത് 14,000 പുരുഷന്മാർ. സ്ത്രീകൾക്ക് വേണ്ടിയുള്ള ലഡ്കി ബഹിൻ യോജന എന്ന പദ്ധതിയിലൂടെയാണ് പുരുഷന്മാർ സാമ്പത്തിക ആനുകൂല്യം സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് ഈ പദ്ധതി ആരംഭിച്ചത്. 21 നും 65 നും ഇടയിൽ പ്രായമുള്ള, പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപയാണ് ഈ പദ്ധതി പ്രകാരം ലഭ്യമാക്കുന്നത്. വനിതാ ശിശു വികസന വകുപ്പ് (ഡബ്ല്യുസിഡി) നടത്തിയ ഓഡിറ്റിൽ 14,298 പുരുഷന്മാർക്ക് 21.44 കോടി രൂപ വിതരണം ചെയ്തതായി കണ്ടെത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിൽ കൃത്രിമം കാണിക്കുകയും സ്ത്രീകളുടെ പേര് രജിസ്റ്റർ ചെയ്യുകയുമാണ് തട്ടിപ്പ് നടത്തിയവർ ചെയ്തത്. പദ്ധതി ആരംഭിച്ച് ഏകദേശം 10 മാസങ്ങൾക്ക് ശേഷമാണ് തട്ടിപ്പ് പുറത്തുവന്നത്. ആദ്യ വർഷത്തിൽ 1,640 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

65 വയസ്സിനു മുകളിലുള്ള 2.87 ലക്ഷം സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ പട്ടികയിലുണ്ട്. എന്നാൽ പ്രായപരിധി കഴിഞ്ഞവരും ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതുവഴി 431.7 കോടി രൂപ നഷ്ടപ്പെട്ടുവെന്നും ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. നാലുചക്ര വാഹനങ്ങൾ സ്വന്തമായുള്ള വീടുകളിൽ നിന്നുള്ള 1.62 ലക്ഷം സ്ത്രീകളെയും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ നിബന്ധനകൾ അനുസരിച്ച്, അത്തരം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിന് അർഹതയില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.

"ഈ ആളുകൾ എങ്ങനെയാണ് ഫോമുകൾ പൂരിപ്പിച്ചത്? ആരാണ് അവരെ സഹായിച്ചത്? ഏത് കമ്പനിക്കാണ് രജിസ്ട്രേഷനായി കരാർ നൽകിയത്? ഇതിന് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ട്. വിഷയം ഒരു എസ്‌ഐടിയോ ഇഡിയോ അന്വേഷിക്കണം", എൻസിപി എംപി സുപ്രിയ സുലെ പറഞ്ഞു.

"എല്ലാ അപേക്ഷകളുടെയും യോഗ്യത പരിശോധിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് എല്ലാ സർക്കാർ വകുപ്പുകളിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. അതനുസരിച്ച്, യോഗ്യതയില്ലാത്തവരായിരുന്നിട്ടും ഏകദേശം 26.34 ലക്ഷം ഗുണഭോക്താക്കൾ പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടുന്നുണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പ് റിപ്പോർട്ട് ചെയ്തു.

ചില ഗുണഭോക്താക്കൾ ഒന്നിലധികം പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടുന്നുണ്ടെന്നും ചില കുടുംബങ്ങൾക്ക് രണ്ടിൽ കൂടുതൽ ഗുണഭോക്താക്കളുണ്ടെന്നും കണ്ടെത്തി", വനിതാ ശിശു വികസന മന്ത്രി അദിതി തത്കരെ പറഞ്ഞു.

SCROLL FOR NEXT