നരേന്ദ്ര മോദി  Source: X/ Narendra Modi
NATIONAL

ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യ സുരക്ഷയിൽ 88% പേർക്കും മോദിയിൽ പൂർണ വിശ്വാസം; സർവേ റിപ്പോർട്ട്

1.94 ശതമാനം പേര് മാത്രമാണ് വിശ്വാസമില്ലെന്ന് പ്രതികരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷൻ സിന്ദൂരിന് ശേഷം ദേശിയസുരക്ഷാകാര്യങ്ങളിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം വർധിച്ചുവെന്ന് ന്യൂസ് 18 സർവെ റിപ്പോർട്ട്. 88 ശതമാനത്തിലധികം പേർക്കാണ് പ്രധാനമന്ത്രിയിലുള്ള വിശ്വാസം വർധിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം തുടരുമ്പോഴും നയതന്ത്രവിഷയങ്ങളിലും രാജ്യസുരക്ഷയിലും ജനങ്ങൾ മോദിയെ വിശ്വസിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതിൻ്റെ പശ്ചാത്തലത്തിലാണ് സർവെ നടത്തിയത്.

സർവേ പ്രകാരം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 14,671 പേരിൽ 88.06 ശതമാനം പേർക്കും പ്രധാനമന്ത്രി മോദിയിലാണ് വിശ്വാസമുള്ളത്. 1.94 ശതമാനം പേര് മാത്രമാണ് വിശ്വാസമില്ലെന്ന് പ്രതികരിച്ചത്. "ദേശീയ സുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?" എന്നായിരുന്നു സർവേയിലെ പ്രധാന ചോദ്യം. 2025 മെയ് 6, 7 തീയതികളിലായാണ് സർവേ നടത്തിയത്.

ജമ്മുകശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയെന്നോളമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ തിരിച്ചടി നടത്തിയത്. പാകിസ്ഥാനിലെ ഒമ്പതോളം ഭീകരകേന്ദ്രങ്ങൾ തകർത്തുവെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്. ഭീകരാക്രമണം ഉണ്ടായി 14ആം ദിവസമാണ് ഇന്ത്യയുടെ മറുപടി നൽകിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യം അറിയിച്ചത്.

അതേസമയം, ഭീകരവിരുദ്ധ പ്രവർത്തനത്തിന് പിന്തുണ തേടി ലോകരാജ്യങ്ങൾ സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി സംഘവുമായി ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴ് സംഘങ്ങളാണ് വിവിധ രാജ്യങ്ങൾ സന്ദർശിച്ച് രാജ്യത്തിന് പിന്തുണ തേടിയത്. കോൺഗ്രസ് എംപി ശശി തരൂർ, ഡിഎംകെ എംപി കനിമൊഴി ഉൾപ്പടെ പ്രതിപക്ഷ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. സന്ദർശനത്തിന്റെ വിശദാംശങ്ങളും തുടർനടപടികളും സ്വീകരിക്കുന്നത് സംബന്ധിച്ചും കൂടികാഴ്‌ചയിൽ ചർച്ചയാകും.

SCROLL FOR NEXT