വാഷിങ്ടൺ: യുഎസില്‍ തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു. പാര്‍ട്ട് ടൈം പിസ ഡെലിവറി എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്ത് വരികയായിരുന്ന 28കാരനായ അന്‍ഷുല്‍ കുഞ്ചയാണ് കൊല്ലപ്പെട്ടത്. യുവാവിന് ഒരു പിസ ഡെലിവറി ചെയ്യാന്‍ ഓര്‍ഡര്‍ വരികയും അത് നല്‍കാനായി ഫിലാഡല്‍ഫിയയില്‍ എത്തിയപ്പോള്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യുവാവിന് എത്തിയത് ഒരു വ്യാജ ഓര്‍ഡര്‍ ആണെന്നും കൊലപ്പെടുത്തുന്നതിനായി മനഃപൂര്‍വം ഫിലാഡല്‍ഫിയയിലേക്ക് എത്തിക്കുയുമായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. കൊലപ്പെടുത്തിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഫിലാഡല്‍ഫിയയില്‍ എത്തിയ അന്‍ഷുലിന് നേരെ അജ്ഞാതനായ ഒരാള്‍ നിറയൊഴിക്കുകയായിരുന്നു. അന്‍ഷുലിന്റെ തലയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റു. ഉടന്‍ തന്നെ കൊലയാളി സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.
അന്‍ഷുലിന്റെ പക്കല്‍ നിന്നും ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും എന്താണ് കൊലപാതകത്തിന്റെ കാരണമെന്നും അറിയില്ലെന്നും കുടുംബം പറഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് ബാഗ് ധരിച്ച്, മുഖം മറച്ച് രണ്ട് തോക്കുധാരികള്‍ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായി ചിലര്‍ പറഞ്ഞിരുന്നുവെന്നും കുടുംബം അറിയിക്കുന്നു.
കൊല്ലുന്നതിന് വേണ്ടി ഒരുക്കിയ ഒരു ട്രാപ്പ് ആയിരുന്നു പിസ ഓര്‍ഡര്‍ എന്നും മുമ്പും അന്‍ഷുലിന് നേരെ ആക്രമണം നടക്കുകയും അന്ന് യുവാവിന്റെ പക്കല്‍ നിന്ന് മാല, ഫോണ്‍, പണം തുടങ്ങിയവ മോഷ്ടിക്കപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു. അതേസമയം ജീവന്‍ അപഹരിക്കുന്ന തരം ആക്രമണം ആദ്യമായാണെന്നും സഹോദരി പറഞ്ഞു.