Source: Files
NATIONAL

വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരൻ അബദ്ധത്തിൽ വെടിയുതിർത്തു; രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്ക്

ആയുധ പരിശോധനയ്ക്കിടെയുണ്ടായ സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു...

Author : ന്യൂസ് ഡെസ്ക്

വാരണാസി: യുപി വാരണാസി ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്തു. ആയുധ പരിശോധനയ്ക്കിടെയുണ്ടായ സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു.

അസംഗഢ് സ്വദേശിയായ കമലേഷ് റായ് ഭാര്യയ്ക്കൊപ്പം മുംബൈയിലേക്ക് പോകുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു. IX1810 വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഇവർ വിമാനത്താവളത്തിൽ ആയുധം കൈവശമുണ്ടെന്ന് അധികൃതരെ അറിയിച്ചിരുന്നു.

സുരക്ഷാ പരിശോധനയ്ക്കിടെ തോക്കും വെടിയുണ്ടകളും പരിശോധിക്കുന്നതിനിടെയാണ് വെടിയുതിർത്തത്. സുരക്ഷാ ജീവനക്കാരിയുടെ കാലിലാണ് വെടിയേറ്റത്. സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ തള്ളവിരലിനും പരിക്കേറ്റു. ഇരുവരെയും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതരും സ്ഥിരീകരണം നൽകി. ഓഗസ്റ്റ് 16ന് രാവിലെ 9.30ഓടെയാണ് സംഭവം നടന്നതെന്നും വിമാനത്തിൽ ആയുധം കൊണ്ടുപോകുന്നതായി യാത്രക്കാരൻ നേരത്തെ അറിയിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX1810 വിമാനം നിശ്ചിത സമയത്തേക്കാൾ 14 മിനിറ്റ് വൈകിയാണ് പുറപ്പെട്ടതെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നത്.

SCROLL FOR NEXT