കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജി മരിച്ച നിലയിൽ. ബിർഭും ജില്ലയിലെ റാംപുർഹട്ടിലെ പാർട്ടി ഓഫീസിലാണ് ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
റാംപുർഹട്ടിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപമുള്ള ടിഎംസി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് അദ്ദേഹത്തിൻ്റേതെന്ന് കരുതുന്ന ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ തള്ളിക്കളയുന്നതാണ് കത്തിലെ ഉള്ളടക്കമെന്നാണ് പ്രാഥമിക വിവരം. താരാപീഠ്-റാംപുർഹട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (TRDA) ബന്ധപ്പെട്ട ടെൻഡർ നടപടികൾ, ചെക്ക് അനുവദിക്കൽ, പ്ലാൻ അംഗീകാരം, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവയിൽ തനിക്ക് പങ്കില്ലെന്ന് കുറിപ്പിൽ പറയുന്നതായി റിപ്പോർട്ടുകൾ പറയുന്നു. തന്നെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ശ്രമങ്ങൾ നടന്നുവെന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും കുറിപ്പിലുള്ളതായാണ് വിവരം.
2001 മുതൽ 2026 വരെ തുടർച്ചയായി 25 വർഷം റാംപുർഹട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച അഞ്ചുതവണ എംഎൽഎയായിരുന്നു ആശിഷ് ബാനർജി. പശ്ചിമ ബംഗാൾ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും മുൻ മന്ത്രിസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. എന്നാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ധ്രുബ സാഹയോട് പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഘടനാപരമായ വിഷയങ്ങളിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും അടുത്തിടെ പാർട്ടിയിലെ ഒരു സംഘടനാ പദവിയിൽ നിന്ന് രാജിവച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.