passenger lost car key in ola cab, consumer forum in Mumbai dismissed a man's complaint against Ola 
NATIONAL

'ഓല'യില്‍ താക്കോല്‍ മറന്നു, ഉപഭോക്തൃ കോടതി യാത്രക്കാരന്റെ പരാതി തള്ളി; കാരണമറിയാം

സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ അടിയന്തര സഹായം നല്‍കുന്നതിനു പകരം പൊതുവായ പ്രതികരണമാണ് ലഭിച്ചെതെന്നായിരുന്നു പരാതിക്കാരന്‍ ഉന്നയിച്ച വിഷയം.

Author : ന്യൂസ് ഡെസ്ക്

മുബൈ: പ്രമുഖ ക്യാബ് ബുക്കിങ്ങ് പ്ലാറ്റ്‌ഫോമായ ഓല ക്യാബില്‍ കാറിന്റെ താക്കോല്‍ മറന്നുവെച്ച് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചിട്ടും എഎന്‍ഐ ടെകനോളജിസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ഓല ക്യാബ്) ഉപഭോക്തൃ കോടതിയെ സമീപിച്ച യാത്രക്കാരന്റെ പരാതി തള്ളി. മുബൈ പോലൊരു മെട്രോ നഗരത്തില്‍ മറന്നുവെച്ച സാധനങ്ങള്‍ തിരികെ എത്തിക്കാന്‍ സമയമെടുക്കുമെന്ന കോടതി നിരീക്ഷണത്തിലാണ് പരാതി തള്ളിയത്.

ഘാട്‌കോപ്പര്‍ നിവാസിയായ പരാതിക്കാരന്‍ ഓല ഡ്രൈവറുമായി ബന്ധപ്പട്ട് രണ്ടാം ദിവസം അധിക ചാര്‍ജുകള്‍ ഒന്നും ഇല്ലാതെ താക്കോല്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ അടിയന്തര സഹായം നല്‍കുന്നതിനു പകരം പൊതുവായ പ്രതികരണമാണ് ലഭിച്ചെതെന്നായിരുന്നു പരാതിക്കാരന്‍ ഉന്നയിച്ച വിഷയം.

നഷ്ടപ്പെട്ട സാധനം സുരക്ഷിതവും സൗജന്യമായും തിരികെ ലഭിച്ചിട്ടും ഉപഭോക്ത്യ കോടതിയെ സമീപിക്കുന്നത് ന്യായമായ കാര്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മുബൈ പോലൊരു മെട്രോപൊളിറ്റന്‍ നഗരത്തിന്റെ തിരക്കും ദൂരവും കണക്കിലെടുത്ത്, ആശയവിനിമയം നടത്തി വസ്തു തിരികെ ഏല്‍പ്പിക്കാന്‍ ഏകോപനം നടത്തുന്നതില്‍ സമയമെടുക്കുമെന്നും അത് സ്ഥാപനത്തിന്റെ സേവനത്തിന്റെ പോരായ്മയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ഒരു യാത്രക്കാരന് തന്റെ സാധനം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ക്യാബ് ബുക്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം ന്യായമായ സഹായം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയാണ്. എന്നിരുന്നാലും, പരാതിക്കാരന് ഇമെയില്‍ വഴി ലഭിച്ച പ്രതികരണങ്ങളുടെ സ്വഭാവത്തില്‍ അതൃപ്തിയുണ്ടായിരുന്നതോ, പ്രതികരണങ്ങള്‍ പൊതുവായി കണക്കാക്കപ്പെട്ടതോ, ന്യായമായ സഹായം നല്‍കുന്നതില്‍ പരാജയപ്പെട്ടതായി തെളിയിക്കുന്നില്ല. ഇത് സേവനത്തിലെ പോരായ്മയോ അന്യായമായ വ്യാപാര രീതിയോ ആകുന്നില്ല എന്നും കമ്മീഷന്‍ പറഞ്ഞു.

SCROLL FOR NEXT