യാത്രക്കാർ ബെഡ്ഷീറ്റും പുതപ്പും മോഷ്ടിക്കുന്നു 
NATIONAL

ജാഗ്രതയോടെ റെയിൽവേ, യാത്രക്കാർ ബെഡ്ഷീറ്റും പുതപ്പും മോഷ്ടിക്കുന്നു; കരാറുകാരന് നഷ്ടം 104.51 കോടി

ദക്ഷിണേന്ത്യൻ ഡിവിഷനുകളായ പാലക്കാടും തിരിച്ചിറപ്പിള്ളിയിലും മോഷണം ഉണ്ടായിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എ.സി കോച്ചുകളിൽ ചില യാത്രക്കാർ ബെഡ് ഷീറ്റും പുതപ്പും മോഷ്ടിക്കുന്നതായി പരാതി. ബെഡ്ഷീറ്റുകൾ, ടവ്വലുകൾ, കമ്പിളികൾ, തലയിണകൾ, തലയിണ കവറുകൾ എന്നിവയാണ് വ്യാപകമായി കടത്തിയത്. യാത്രക്കാർ 1.27 കോടിയിലധികം ബെഡ്റോൾ സാമഗ്രികൾ മോഷ്ടിച്ചതായാണ് റിപ്പോർട്ട്.

2022 ജനുവരി മുതൽ 2026 മേയ് വരെയുള്ള നാല് വർഷത്തെ വിവരാവകാശ രേഖയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിട്ടുള്ളത്. 18 റെയിൽവേ സോണുകളിലെ 54 ഡിവിഷനുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഈ കാലയളവിൽ ഏകദേശം 104.51 കോടി രൂപയുടെ നഷ്ടം കരാറുകാർക്ക് സംഭവിച്ചതായി വ്യക്തമായി.

കോവിഡിനു ശേഷം ട്രെയിനുകളിൽ ബെഡ്ഷീറ്റ് വിതരണം പുനരാരംഭിച്ചതിന് പിന്നാലെയാണ് മോഷണം കുത്തനെ ഉയർന്നത്. യാത്രക്കാർ ഏറ്റവും കൂടുതൽ മോഷ്ടിച്ചത് മുഖം തുടയ്ക്കുന്ന ടവ്വലുകളാണ്. നാലു വർഷത്തിനിടെ 46.54 ലക്ഷം ടവ്വലുകളാണ് കാണാതായത്. രണ്ടാം സ്ഥാനത്ത് ബെഡ്ഷീറ്റുകളാണ് (41.13 ലക്ഷം). 23.59 ലക്ഷം തലയിണ കവറുകളും, 12.95 ലക്ഷം കമ്പിളികളും, 2.76 ലക്ഷം തലയിണകളും യാത്രക്കാർ കടത്തിക്കൊണ്ടുപോയി.

മോഷണത്തിൻ്റെ 67 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് 10 പ്രധാന ഡിവിഷനുകളിലാണ്. രാജസ്ഥാനിലെ ബികാനീർ ഡിവിഷനാണ് മോഷണം കൂടുതൽ നടന്നിട്ടുള്ളത്. ഇവിടെ നിന്ന് മാത്രം 25.76 ലക്ഷം സാധനങ്ങൾ കാണാതായി. റാഞ്ചി (9.31 ലക്ഷം), ഡൽഹി (8.21 ലക്ഷം), മുംബൈ (8.17 ലക്ഷം), ജോധ്പൂർ (8.09 ലക്ഷം), അഹമ്മദാബാദ് (6.94 ലക്ഷം), ധനാപൂർ (5.72 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് ഡിവിഷനുകൾ.

അതേസമയം ദക്ഷിണേന്ത്യയിലെ തിരുച്ചിറപ്പള്ളി, പാലക്കാട് എന്നീ ഡിവിഷനുകളിൽ നിന്ന് ഒരു മോഷണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹി ഡിവിഷനിൽ മോഷണ നിരക്ക് 79 ശതമാനത്തോളം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. മോഷണം റിപ്പോർട്ട് ചെയ്തതോടെ യാത്രക്കാരുടെ മോശം പെരുമാറ്റം മോഷണത്തെ പ്രതിരോധിക്കാൻ കോച്ച് മിത്ര ആപ്പ് വഴിയുള്ള നിരീക്ഷണം, സിസിടിവി ക്യാമറകൾ, യാത്രക്കാർ ട്രെയിൻ ഇറങ്ങുന്നതിന് 30 മിനിറ്റ് മുൻപ് തന്നെ തുണികൾ ശേഖരിക്കൽ തുടങ്ങിയ കർശന നടപടികളിലേക്ക് കടക്കുകയാണ് റെയിൽവേ.

SCROLL FOR NEXT