ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പിഎച്ച്ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ 32-ാമത് ബിരുദദാന ചടങ്ങിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഗവർണർ തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരോപിച്ച വിദ്യാർഥി സർവകലാശാലയുടെ വൈസ് ചാൻസലറിൽ നിന്നാണ് ബിരുദം സ്വീകരിച്ചത്.
മൈക്രോ ഫിനാന്‍സില്‍ പിഎച്ച്‌ഡി നേടിയ ജീന്‍ ജോസഫ് എന്ന വിദ്യാർഥിയാണ് ഗവർണറെ മനഃപൂർവം അവഗണിച്ചത്. ആർ.എന്‍. രവി തമിഴ്നാടിനും തമിഴ് ജനതയ്ക്കും എതിരാണ്. അദ്ദേഹം തമിഴ് ജനതയ്ക്കായി ഒന്നു ചെയ്യുന്നില്ല. തനിക്ക് അദ്ദേഹത്തില്‍ നിന്നും ബിരുദം വാങ്ങാന്‍ താല്‍പ്പര്യമില്ലെന്നും ജീന്‍ പറഞ്ഞു.
മുഖ്യാതിഥിയായ ഗവർണറുടെ കയ്യില്‍ നിന്നും ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാതെ വൈസ് ചാന്‍സലർ എന്‍. ചന്ദ്രശേഖറുടെ കയ്യില്‍ നിന്നും ജീന്‍ ബിരുദ സർട്ടിഫിക്കറ്റ് വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. വിദ്യാർഥിനിക്ക് തെറ്റുപറ്റിയതാണെന്ന് കരുതി തിരികെ വിളിക്കാന്‍ ശ്രമിക്കുന്ന ഗവർണറെ ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ വിദ്യാർഥിനിയുടെ ശരീരഭാഷയില്‍ തന്നെ പ്രതിഷേധിച്ച് അവഗണിച്ചതാണെന്ന് വ്യക്തമാണ്. അത് അംഗീകരിച്ച മട്ടില്‍ ഗവർണർ തലയാട്ടുന്നതും കാണാം.
ജീൻ ജോസഫിന്റെ പങ്കാളി രാജൻ, ഗവർണറുമായി കടുത്ത രാഷ്ട്രീയ-നിയമ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) നേതാവാണ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് ഗവർണർ മനഃപൂർവം വൈകിപ്പിക്കുകയും, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തടസങ്ങൾ സൃഷ്ടിക്കുകയും, 'സമാന്തര ഭരണം' നടത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് ഡിഎംകെയുടെ ആരോപണം.