
കൊച്ചി: സോണിയാ ഗാന്ധി പൗരത്വം ലഭിക്കുന്നതിന് മുന്‍പ് വോട്ട് ചെയ്തുവെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. 1983ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച സോണിയ 1980-1982ല്‍ തന്നെ വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഇതിന് വഴിയൊരുക്കിയത് കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍, 1980ലെ ഇലക്ഷന് വേണ്ടി വോട്ടർ പട്ടിക തയ്യാറാക്കുന്ന സമയം ഇന്ത്യയിൽ അധികാരത്തിൽ ഉണ്ടായിരുന്നത് ജനത പാർട്ടിയായിരുന്നു, കോൺഗ്രസ് അല്ലായെന്ന് അനില്‍ അക്കര ഓർമിപ്പിക്കുന്നു. 1980ൽ കരട് വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് വന്നപ്പോൾ തന്നെ അതിലെ ചതി തിരിച്ചറിഞ്ഞ ഇന്ദിര ഗാന്ധി ഉടൻ തന്നെ അത് ഒഴിവാക്കാൻ അങ്ങോട്ട് അപേക്ഷ നൽകി. തുടർന്ന്, ആ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അവിടെ നിന്ന് മൂന്നു വർഷം കഴിഞ്ഞാണ് സോണിയാ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്. അതിന് ശേഷമാണ്, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നതും അവരുടെ പേര് വരുന്നതും വോട്ട് ചെയ്യാനുളവകാശം ലഭിക്കുന്നതും വോട്ട് ചെയ്യുന്നതെന്നും അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കരട് വോട്ടർ പട്ടിക പ്രദർശിപ്പിക്കുന്ന ബിജെപി വോട്ട് ചെയ്തവരുടെ ലിസ്റ്റ് കാണിക്കാത്തതിന് കാരണം, അതിൽ സോണിയാ ഗാന്ധിയുടെ പേര് ഇല്ലെന്ന് അവർക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടാണെന്നും അനില്‍ അക്കര പറയുന്നു.
സോണിയ ഗാന്ധി പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ട് ചെയ്തോ?
ഇതാണ് യാഥാർത്ഥ്യം.
1980ലെ ഇലക്ഷന് വേണ്ടി വോട്ടർ പട്ടിക തയ്യാർ ആക്കുന്ന സമയം ഇന്ത്യയിൽ അധികാരത്തിൽ ഉണ്ടായിരുന്നത് ജനത പാർട്ടിയായിരുന്നു, കോൺഗ്രസ് അല്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെയും ഇന്ദിരാ ഗാന്ധിയേയും ലക്ഷ്യമിട്ട് നടന്ന ചതിയുടെ അദ്ധ്യായം നിങ്ങൾ ആരും മറന്നു കാണില്ല. ആ ചതി ജനങ്ങൾക്ക് മുന്നിൽ ചരിത്രം വെളിച്ചത്ത് കൊണ്ട് വന്നതുമാണ്.
ജനത പാർട്ടി അന്ന് ഇന്ദിരാ ഗാന്ധിയ്ക്ക് എതിരെ നടത്തിയ ചതി ഇപ്രകാരമായിരുന്നു. ഇന്ദിര ഗാന്ധിയുടെ സ്വകാര്യ സ്റ്റാഫ് ആയിരുന്ന പി. എൻ. ഹക്സർ രാജിക്കത്ത് സർക്കാർ സർവീസിൽ നിന്ന് സമർപ്പിച്ചു. അതിന് ശേഷമാണ് ഇന്ദിരാ ഗാന്ധിയ്ക്ക് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങിയത്.
എന്നാൽ, അദ്ദേഹത്തിന്റെ രാജിക്കത്ത് ഫയലിൽ സ്വീകരിക്കാതെ ഇന്ദിരാ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് ആയിരുന്ന ജൈപാൽ റെഡ്ഡി അത് നശിപ്പിച്ചു കളഞ്ഞു. അന്ന് എല്ലാം പേപ്പർ സിസ്റ്റമാണ് ഡിജിറ്റൽ ഡാറ്റകൾ അല്ല. എന്നാൽ ഇത് അറിയാതെ ഹക്സർ ഇന്ദിര ഗാന്ധിയ്ക്ക് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങി. ഇലക്ഷൻ കഴിഞ്ഞപ്പോൾ സർക്കാർ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ വാഹനവും ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിച്ചു എന്ന് കാണിച്ചു എതിർ സ്ഥാനാർഥി ആയിരുന്ന രാജ് നറൈൻ കോടതിയെ സമീപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ്, സർക്കാർ ഉദ്യോഗസ്ഥനായി തുടരുമ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കാണിച്ചു ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയത്. രാജിക്കത്ത് തടഞ്ഞുവെച്ച ജൈപാൽ റെഡ്ഡി അവിടെ നിന്ന് മാസങ്ങൾക്കകം ജനത പാർട്ടിയിൽ ചേർന്നത് കാര്യത്തിന്റെ രാഷ്ട്രീയ സ്വഭാവം തെളിയിക്കുന്നതാണ്.
1980-ൽ കരട് വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് വന്നപ്പോൾ തന്നെ അതിലെ ചതി തിരിച്ചറിഞ്ഞ ഇന്ദിര ഗാന്ധി ഉടൻ തന്നെ അത് ഒഴിവാക്കാൻ അങ്ങോട്ട് അപേക്ഷ നൽകി. തുടർന്ന്, ആ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അവിടെ നിന്ന് മൂന്നു വർഷം കഴിഞ്ഞാണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്. അതിന് ശേഷമാണ്, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നതും അവരുടെ പേര് വരുന്നതും വോട്ട് ചെയ്യാനുളവകാശം ലഭിക്കുന്നതും വോട്ട് ചെയ്യുന്നതും.
BJP വലിയ കാര്യത്തിൽ അന്നത്തെ കരട് വോട്ടർ പട്ടികയാണ് പ്രദർശിപ്പിക്കുന്നത്. എന്നാൽ വോട്ട് ചെയ്തവരുടെ ലിസ്റ്റ് അവർ എന്തുകൊണ്ട് കാണിക്കുന്നില്ല? കാരണം, അതിൽ സോണിയ ഗാന്ധിയുടെ പേര് ഇല്ലെന്ന് അവർക്ക് വ്യക്തമായി അറിയാം.
1980-ൽ തന്നെ ഇന്ദിരാ ഗാന്ധി കൌണ്ടർ ചെയ്ത ഈ നനഞ്ഞ പടക്കമാണ് BJP, സോണിയ ഗാന്ധി ആദ്യമായി മത്സരിച്ച 1999-ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ഉയര്‍ത്തിയത്. ഇപ്പോൾ 45 വർഷം കഴിഞ്ഞിട്ടും അവർ അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് വന്നിട്ടില്ല എന്നതാണ് ഇന്നും ചിരിപ്പിക്കുന്ന യാഥാർത്ഥ്യം.