പ്രധാനമന്ത്രി നരേന്ദ്ര മോദി Source: ANI
NATIONAL

''ഇത് അധിക്ഷേപം, അവര്‍ക്ക് ബിഹാറിനോട് വെറുപ്പാണ്''; തെരഞ്ഞെടുപ്പ് അടുക്കെ 'ബീഡി ബിഹാര്‍' കത്തിച്ച് പ്രധാനമന്ത്രി

''ഇവരെല്ലാം കൂടി ബിഹാറിന്റെ കീര്‍ത്തി അഴിമതിയിലൂടെയും തട്ടിപ്പുകളിലൂടെയും ഇല്ലാതാക്കി. ഇപ്പോള്‍ ബീഡി പരാമര്‍ശത്തിലൂടെ സംസ്ഥാനത്തെ അധിക്ഷേപിക്കുന്നു''

Author : ന്യൂസ് ഡെസ്ക്

ബീഡി ബിഹാര്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പരാമര്‍ശത്തോടെ സംസ്ഥാനത്തെ അധിക്ഷേപിക്കുകയാണെന്നും മോദി പറഞ്ഞു.

ബിഹാര്‍ വികസിക്കുമ്പോഴെല്ലാം കോണ്‍ഗ്രസും ആര്‍ജെഡിയും സംസ്ഥാനത്തെ അധിക്ഷേപിക്കുകയാണെന്നും പൂര്‍ണിയയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

'എപ്പോഴൊക്കെ സംസ്ഥാനത്ത് കൂടുതല്‍ പുരോഗതിയുണ്ടാകുന്നുവോ അപ്പോഴൊക്കെ അവര്‍ ബിഹാറിനെ അധിക്ഷേപിക്കുന്നതില്‍ തിരക്കിലാകും. ആര്‍ജെഡിയുടെ സഖ്യ കക്ഷിയായ കോണ്‍ഗ്രസ് ബിഹാറിനെ ഒരു ബീഡിയോട് താരതമ്യം ചെയ്യുകയാണ് ചെയ്തത്. അവര്‍ അത്രയും ബിഹാറിനെ വെറുക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു.

ഇവരെല്ലാം കൂടി ബിഹാറിന്റെ കീര്‍ത്തി അഴിമതിയിലൂടെയും തട്ടിപ്പുകളിലൂടെയും ഇല്ലാതാക്കി. ഇപ്പോള്‍ ബീഡി പരാമര്‍ശത്തിലൂടെ സംസ്ഥാനത്തെ അധിക്ഷേപിക്കുന്നു. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും വരും ദിവസങ്ങളില്‍ ഇതിന് കൃത്യമായ മറുപടി തന്നെ ലഭിക്കും. ബിഹാര്‍, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യാ ഘടനയ്ക്ക് തന്നെ ഭീഷണിയായി മാറിയ നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ബിഹാറില്‍ ഭരിച്ചിരുന്ന കാലത്ത് ആര്‍ജെഡിയും കോണ്‍ഗ്രസും നടത്തിയത് നിരുത്തരവാദപരമായ ഭരണമാണ്. അവര്‍ക്ക് സംസ്ഥാനത്തുണ്ടാകുന്ന വികനസങ്ങള്‍ ഒന്നും പിടിക്കുന്നില്ല. തെരഞ്ഞെടുപ്പിലൂടെ നമ്മുടെ അമ്മമാരും സഹോദരിമാരും അവര്‍ക്ക് തക്കതായ മറുപടി തന്നെ നല്‍കും,' മോദി പറഞ്ഞു.

ജിഎസ്ടി വിഷയത്തില്‍ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് കേരളയുടെ എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റ്. ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയില്‍ നിന്നാണഅ എന്നായിരുന്നു പോസ്റ്റ്. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര സമാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പോസ്റ്റ്. സംഭവം വലിയ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. സംഭവത്തില്‍ ജാഗ്രത കുറവ് സംഭവിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT