ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ആത്മകഥയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആമുഖം. 'ഐ ആം ജോര്‍ജിയ: മൈ റൂട്ട്‌സ്, മൈ പ്രിന്‍സിപ്പിള്‍സ്' (I am Giorgia - My Roots, My Principles) എന്ന മെലോണിയുടെ ആത്മകഥയുടെ ഇന്ത്യന്‍ പതിപ്പിനാണ് മോദി ആമുഖം എഴുതിയത്. 'അവരുടെ മന്‍ കി ബാത്ത്' (It is Her Man Ki Baat) എന്നാണ് മോദി പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മോദിയുടെ റേഡിയോ പ്രഭാഷണ പരമ്പരയുടെ പേരാണ് 'മന്‍ കി ബാത്ത്'. ദേശസ്‌നേഹിയും സമകാലികരായ നേതാക്കളില്‍ അസാധാരണ വ്യക്തിത്വത്തിന് ഉടമയുമാണ് മെലോണിയെന്നും മോദി ആമുഖത്തില്‍ എഴുതിയിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
"പുസ്‌തകത്തിന് ആമുഖം എഴുതാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. ബഹുമാനത്തോടെയും ആരാധനയോടെയും സൗഹൃദത്തോടെയുമാണ് ആ ദൗത്യം നിര്‍വഹിച്ചത്. പ്രധാനമന്ത്രി മെലോണിയുടെ ജീവിതവും നേതൃത്വവും കാലാതീതമായ സത്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മപ്പെടുത്തുന്നു. ദേശസ്നേഹിയും മികച്ച സമകാലിക രാഷ്ട്രീയ നേതാവുമായ മെലോണിയുടെ ഉന്മേഷദായകമായ കഥ ഇന്ത്യയില്‍ നന്നായി സ്വീകരിക്കപ്പെടും. ലോകവുമായി ഇടപഴകുമ്പോള്‍ തന്നെ സ്വന്തം സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലുള്ള അവരുടെ വിശ്വാസം നമ്മുടെ സ്വന്തം മൂല്യങ്ങളെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്" - എന്നിങ്ങനെയാണ് മോദി ആമുഖത്തില്‍ എഴുതിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതൃത്വം, ദേശീയത, പാരമ്പര്യം എന്നിവയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായാണ് മെലോണിയെ മോദി വിശേഷിപ്പിക്കുന്നത്. മെലോണിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചും, ഇന്ത്യ-ഇറ്റലി ബന്ധത്തെക്കുറിച്ചും ആമുഖത്തില്‍ വിവരിക്കുന്നുണ്ട്.
2021ല്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് മെലോണി ആത്മകഥ ആദ്യം പ്രസിദ്ധീകരിക്കുന്നത്. അന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായി അത് മാറി. 2025ല്‍ പുസ്തകത്തിന്റെ യുഎസ് പതിപ്പ് ഇറക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് അതിന് ആമുഖം എഴുതിയത്. രാഷ്ട്രീയത്തില്‍ സജീവമായ സ്ത്രീയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍, അവിവാഹിതയായ അമ്മയെന്ന നിലയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍, ഗര്‍ഭിണിയായിരിക്കെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം എന്നിങ്ങനെ വ്യക്തിജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ചാണ് മെലോണിയുടെ പുസ്തകം. വനിതാ പ്രാതിനിധ്യത്തിനായി മാത്രമാകരുത് സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടതെന്നും, മാതൃത്വവും രാഷ്ട്രീയ പ്രവര്‍ത്തനവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും പുസ്തകം പറയുന്നു. രൂപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തും.