
ഗാസയില്‍ ഉടന്‍ യുദ്ധം അവസാനിക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'മിഡില്‍ ഈസ്റ്റില്‍ മഹത്തായൊരു നേട്ടത്തിന് ഞങ്ങള്‍ക്കൊരു അവസരമുണ്ടെന്ന്' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്താണ് പ്രഖ്യാപനമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗാസയില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ അന്തിമഘട്ടത്തിലെന്ന് സൂചന നല്‍കുന്നതാണ് ട്രംപിന്റെ വാക്കുകള്‍. ഇക്കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശരിവയ്ക്കുന്നുണ്ടെങ്കിലും ട്രംപിനോളം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.
"മിഡില്‍ ഈസ്റ്റില്‍ മഹത്തായൊരു നേട്ടത്തിന് ഞങ്ങള്‍ക്കൊരു അവസരമുണ്ട്. ചില സവിശേഷ കാര്യങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് ഏവരും. ആദ്യമായി, അത് നാം നേടിയിരിക്കും" - എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. എന്താണ് മഹത്തായ കാര്യമെന്നോ, പ്രഖ്യാപനമെന്നോ സൂചന നല്‍കാതെയാണ് ട്രംപിന്റെ വാക്കുകള്‍. യുഎന്നില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടന്ന സാഹചര്യത്തില്‍, ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചായിരിക്കും ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്നാണ് അഭ്യൂഹങ്ങള്‍.
അഭ്യൂഹങ്ങളെ ശരിവയ്ക്കുന്നതാണ് നെതന്യാഹുവിന്റെ വാക്കുകള്‍. "അക്കാര്യത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അത് അന്തിമരൂപമായിട്ടില്ല. പക്ഷേ, പ്രസിഡന്റ് ട്രംപിന്റെ സംഘത്തിനൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാൻ, ഹമാസിന്റെ ഭരണത്തിൽ നിന്ന് മുക്തി നേടാൻ, അവരെ നിരായുധരാക്കാൻ, ഗാസയെ സൈനികമുക്തമാക്കാന്‍, ഗാസക്കാർക്കും ഇസ്രയേലികൾക്കും മുഴുവൻ മേഖലയ്ക്കും ഒരു പുതിയ ഭാവി സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ, അക്കാര്യത്തിലൊരു ശ്രമമാകാമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്" - ഫോക്സ് ന്യൂസിനോട് സംസാരിക്കവെ നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച കരാര്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് ട്രംപും സമ്മതിക്കുന്നുണ്ട്. "ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. എല്ലാവരും ഒരു കരാറിനായി ഒരുമിച്ച് വന്നിട്ടുണ്ട്. പക്ഷേ, അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഹമാസും അതിനൊപ്പമുണ്ട്. അറബ് ലോകം സമാധാനം ആഗ്രഹിക്കുന്നു. ഇസ്രയേല്‍ സമാധാനം ആഗ്രഹിക്കുന്നു. ബിബി സമാധാനം ആഗ്രഹിക്കുന്നു. ഇത് നാം പൂര്‍ത്തിയാക്കിയാല്‍ ഇസ്രയേലിനും മിഡില്‍ ഈസ്റ്റിനും അത് മഹത്തായൊരു ദിവസമായിരിക്കും" - എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.