നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ - ഫയല്‍ ചിത്രം Source: NDTV
NATIONAL

'സംഘര്‍ഷം ലഘൂകരിക്കണം, നയതന്ത്ര മാര്‍ഗം സ്വീകരിക്കണം': ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ക്ക് നന്ദി അറിയിച്ചതിനൊപ്പം, പിന്തുണ തുടരണമെന്ന് ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇറാനുമായി ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി മോദി ഫോണില്‍ സംസാരിച്ചു. സമീപകാല സംഘര്‍ഷങ്ങളില്‍ ആശങ്ക അറിയിച്ചതിനൊപ്പം, സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്ര മാര്‍ഗം സ്വീകരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചതായും മോദി എക്സില്‍ കുറിച്ചു.

"ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. സമീപകാല സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക പങ്കുവച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിലേക്കുള്ള മാര്‍ഗമെന്ന നിലയില്‍ എത്രയും വേഗം സംഘര്‍ഷം ലഘൂകരിക്കണമെന്നും നയതന്ത്ര ചര്‍ച്ചകള്‍ തുടരണമെന്നും ആവര്‍ത്തിച്ചു" -മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ചശേഷം മോദി എക്സില്‍ കുറിച്ചു.

ഇസ്രയേലിനൊപ്പം യുഎസും ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു ഇരുനേതാക്കളുടെയും ഫോണ്‍ സംഭാഷണം. ഇരുവരും 45 മിനിറ്റോളം സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതിഗതികള്‍ മസൂദ് പെസഷ്‌കിയാന്‍ മോദിയോട് വിവരിച്ചു. സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ക്ക് നന്ദി അറിയിച്ചതിനൊപ്പം, പിന്തുണ തുടരണമെന്ന് ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തു.

ഇസ്രയേല്‍ സൈനിക നടപടിക്കൊപ്പമാണ് യുഎസും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഭീകരതയുടെ പ്രായോജകരില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യം ഉയര്‍ത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കുകയാണ് യുഎസ് ആക്രമണത്തിന്റെ ലക്ഷ്യം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, സ്വന്തം നാശത്തിനായാണ് യുഎസ് ഇസ്രയേലിനൊപ്പം കൂടിയിരിക്കുന്നതെന്നായിരുന്നു ഇറാന്‍ പരമോന്നത നേതാവി ആയത്തൊള്ള അലി ഖമേനിയുടെ മറുപടി. യുഎസ് ആക്രമണത്തിനു പിന്നാലെ, ഇറാന്‍ ഇസ്രയേലിനെതിരായ ആക്രമണം കടുപ്പിക്കുകയും ചെയ്തു.

SCROLL FOR NEXT