എം.എ. ബേബി, ഡി. രാജ Source: News Malayalam 24X7
NATIONAL

പിഎം ശ്രീ: ധാരണാപത്രം പിന്‍വലിക്കില്ല, സര്‍ക്കാരിനെ ന്യായീകരിച്ച് എം.എ. ബേബി; പിന്നോട്ടില്ലെന്ന് ഡി. രാജ

ധാരണാപത്രം റദ്ദാക്കണം എന്നതാണ് സിപിഐ നിലപാട്. അതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാനം ഒപ്പുവച്ച ധാരണാപത്രം പിന്‍വലിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഡല്‍ഹി എ.കെ.ജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിപിഐ ജനറല്‍ ഡി. രാജയെ ബേബി ഇക്കാര്യം അറിയിച്ചു. പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ ആശങ്കകളോട് സിപിഐഎമ്മിനും യോജിപ്പാണെന്നും, പ്രശ്നം ഇരുപാര്‍ട്ടിയുടെയും കേരളഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ബേബി പറഞ്ഞു. അതേസമയം, ബേബിയെക്കണ്ട് കടുത്ത അതൃപ്തി അറിയിച്ച രാജ, നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചു.

പിഎം ശ്രീ പദ്ധതിയില്‍ സിപിഐ എതിര്‍പ്പ് തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.വിഷയത്തില്‍ സിപിഐ അനുനയിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് രാജ ബേബിയെക്കണ്ട് നിലപാട് വ്യക്തമാക്കിയത്. അര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സിപിഐയുടെ കടുത്ത അതൃപ്തി രാജ ബേബിയെ അറിയിച്ചു. ധാരണാപത്രം റദ്ദാക്കണം എന്നതാണ് സിപിഐ നിലപാട്. അതില്‍ നിന്ന് പിന്നോട്ടില്ല. വിഷയത്തിൽ കേരളം എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നും രാജ ചോദിച്ചു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിക്കുന്നതായിരുന്നു ബേബിയുടെ വാക്കുകള്‍. കച്ചവടവത്കരണത്തെ തടയും എന്ന ഉറപ്പിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഒപ്പുവച്ച ധാരണാപത്രം പിന്‍വലിക്കില്ല. ധാരണാപത്രം ഒപ്പിടേണ്ടിവന്ന സാഹചര്യം സിപിഐ കേരളഘടകത്തെ ബോധ്യപ്പെടുത്താനാണ് സിപിഐഎം നേതൃത്വത്തിന്റെ ശ്രമം. സിപിഐ ഉന്നയിച്ച ആശങ്കകള്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കും. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും ബേബി വ്യക്തമാക്കി.

സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതാണ് മുന്നണി രാഷ്ട്രീയത്തെ ഉലച്ചത്. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവെച്ചിരുന്നു. പിന്നീട് സിപിഐയെ അറിയിക്കാതെ ധാരണാപത്രം ഒപ്പുവയ്ക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും സിപിഐ നിലപാടില്‍ ഉറച്ചുനിന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, സിപിഐ മന്ത്രിമാരുമൊക്കെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

അനുനയ നീക്കത്തിന്റെ ഭാഗമായി, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. പദ്ധതിയിൽ ഒപ്പുവയ്ക്കേണ്ടിവന്ന സാഹചര്യം മന്ത്രി സിപിഐ നേതാക്കളോട് വിശദീകരിച്ചു. എന്നാല്‍, പദ്ധതിയിലുള്ള എതിർപ്പ് വിദ്യാഭ്യാസമന്ത്രിയോട് ബിനോയ് വിശ്വവും ജി.ആർ. അനിലും ആവർത്തിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവിലും വിഷയം ചര്‍ച്ചയാകുമെന്ന സാഹചര്യത്തിലായിരുന്നു സിപിഐഎമ്മിന്റെ അതിവേഗ അനുനയ നീക്കങ്ങള്‍.

SCROLL FOR NEXT