NATIONAL

മേക്കേദാട്ടു അണക്കെട്ട് ട്രൈബ്യൂണൽ ശുപാർശ; വിമർശനം ശക്തമാക്കി പിഎംകെയും സിപിഐഎമ്മും

പുതിയ ട്രൈബ്യൂണൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന വകുപ്പ് റദ്ദാക്കാൻ തിങ്കളാഴ്ച സംസ്ഥാന നിയമസഭയിൽ പുതിയ പ്രമേയം പാസാക്കണമെന്ന് പി. ഷൺമുഖം

Author : ന്യൂസ് ഡെസ്ക്

ചെന്നൈ:മേക്കേദാത് അണക്കെട്ട് പ്രശ്നം പരിഹരിക്കാൻ ട്രൈബ്യൂണൽ ആവശ്യപ്പെടുന്ന തമിഴ്നാട് നിയമസഭയുടെ പ്രമേയത്തെ വിമർശിച്ച് പിഎംകെ നേതാവ് അൻബുമണി രാംദോസ്. വിഷയത്തിൽ നീതി തമിഴ്‌നാടിൻ്റെ പക്ഷത്താണെന്നിരിക്കെ ഒരു പുതിയ ട്രൈബ്യൂണൽ വഴി കേന്ദ്ര മധ്യസ്ഥത തേടുന്നത് സംസ്ഥാനത്തിൻ്റെ താൽപ്പര്യങ്ങൾ പണയപ്പെടുത്തുന്നതിന് തുല്യമാണെന്ന് പിഎംകെ നേതാവ് അഭിപ്രായപ്പെട്ടു. സർക്കാരിൻ്റെ നിർദ്ദേശം അനാവശ്യവും വിപരീതഫലകരവുമാണെന്നും പ്രമേയം കേന്ദ്ര സർക്കാരിന് അയക്കുന്നതിന് മുൻപ് ട്രൈബ്യൂണൽ വേണമെന്ന ഭാഗം ഒഴിവാക്കണമെന്നും അൻബുമണി ആവശ്യപ്പെട്ടു. സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ പിഎംകെ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരിന്റെ ശ്രമങ്ങൾക്ക് ഉറച്ച പിന്തുണ നൽകുമെന്നും അൻബുമണി രാംദോസ് അറിയിച്ചു. കേന്ദ്ര ഇടപെടലിനുള്ള നീക്കം സംസ്ഥാനത്തിൻ്റെ സ്ഥാപിതമായ നിയമപരമായ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യുമെന്നും കർണാടകയ്ക്ക് അനുകൂലമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കേന്ദ്ര സർക്കാരിന് അയയ്ക്കുന്നതിന് മുമ്പ് സഭാ പ്രമേയത്തിൽ നിന്ന് പുതിയ ട്രൈബ്യൂണൽ ആവശ്യപ്പെടുന്ന വകുപ്പ് നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയോട് രാംദോസ് അവശ്യപ്പെട്ടു.

മേക്കാദാട്ടു അണക്കെട്ടിന് പ്രത്യേക ട്രൈബ്യൂണൽ ശുപാർശയ്‌ക്കെതിരെ സിപിഐഎമ്മും രംഗത്തുവന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖമാണ് എതിർപ്പറിയിച്ചത്. ഈ ആശയം മുന്നോട്ടുവച്ചതിന് ഡിഎംകെയെയും അത് സ്വീകരിച്ചതിന് ടിവികെയെയും ഷൺമുഖം വിമർശിച്ചു. പുതിയ ട്രൈബ്യൂണൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന വകുപ്പ് റദ്ദാക്കാൻ തിങ്കളാഴ്ച സംസ്ഥാന നിയമസഭയിൽ പുതിയ പ്രമേയം പാസാക്കണമെന്ന് ഷൺമുഖം ആവശ്യപ്പെട്ടു. നേരത്തെ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും ശുപാർശയെ എതിർത്തിരുന്നു.

SCROLL FOR NEXT