

ചെന്നൈ: തമിഴ്നാട്ടിൽ സ്വകാര്യ സമുദ്രോൽപ്പന്ന സംസ്‌കരണ ഫാക്ടറിയിലെ വാതക ചോർച്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ചെമ്മീൻ സംസ്കരണ ഫാക്ടറിയിൽ അമോണിയ വാതക ചോർച്ചയെ തുടർന്ന് ഒൻപത് പേർ മരിച്ച സംഭവത്തിലാണ് നടപടി. അന്വേഷണത്തിനായി മുഖ്യമന്ത്രി ജോസഫ് വിജയ് മൂന്നംഗ സമിതിയെ രൂപീകരിച്ചു. ചെമ്മീൻ സംസ്കരണ ശാലയിലെ അമോണിയ ചോർച്ച; അന്വേഷിക്കാൻ മൂന്നംഗ സമിതിയെ രൂപീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്.
വ്യവസായിക സുരക്ഷ ഡയറക്ടർ,തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി, പൊതുജനാരോഗ്യ അഡീഷണൽ ഡയറക്ടർ എന്നിവർ സമിതിയിൽ ഉൾപ്പെടുന്നു. അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ ഇടക്കാല റിപ്പോർട്ട് നൽകാനും 3 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി നിർദേശം നിർദേശം നൽകി.
പെരിയപാളയത്തിനടുത്തുള്ള കന്നിഗൈപെയറിലുള്ള സെൻ്റ് പീറ്റേഴ്‌സ് ആൻഡ് പോൾ സീഫുഡ് എക്‌സ്‌പോർട്ട്‌സ് കേന്ദ്രത്തിലാണ് അപകടം നടന്നത്. ഫാക്ടറിയിൽ ചോർന്ന അമോണിയ വാതകം ശ്വസിച്ചതിനെ തുടർന്ന് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികളും മറ്റുള്ളവരും ബോധരഹിതരായെന്നാണ് റിപ്പോർട്ട്. നിലവിൽ ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒൻപത് പേരുടെ നിലഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.