സോനവും കൊല്ലപ്പെട്ട രാജയും (വിവാഹ ചിത്രം), സോനത്തെ പിടികൂടിയപ്പോൾ Source: Deccan Chronicle
NATIONAL

മേഘാലയ കൊലപാതകം; രാജയെ കൊലപ്പെടുത്തിയത് നാലാമത്തെ ശ്രമത്തില്‍; പങ്കുണ്ടെന്ന് സോനവും സമ്മതിച്ചെന്ന് പൊലീസ്

ഗുവാഹത്തിയില്‍ നിന്ന് ആദ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.

Author : ന്യൂസ് ഡെസ്ക്

ഹണിമൂണ്‍ യാത്രയ്ക്കിടെ രാജ രഘുവംശിയെന്ന യുവാവിനെ കൊലപ്പെടുത്തിയത് നാലാമത്തെ ശ്രമത്തിലെന്ന് മേഘാലയ പൊലീസ്. ഭാര്യ സോനം രഘുവംശിയും കൂട്ടാളികളും ചേര്‍ന്ന് നേരത്തെയും രാജയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് സോനത്തിന്റെ ആണ്‍ സുഹൃത്തായ രാജ് കുശ്വാഹ സമ്മതിച്ചതായി എസ്പി വിവേക് സിയേം പറഞ്ഞു.

'അത് കോണ്‍ട്രാക്ട് കൊടുത്ത് കൊല്ലിച്ചതല്ല. മറ്റു മൂന്ന് പേരും കൊലപാതകം നടത്തിയ രാജിനെ സഹായിക്കുകയായിരുന്നു,' പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നതനുസരിച്ച് രാജ് കുശ്വാഹയുടെ സുഹൃത്തുക്കളായ ആകാശ് രജ്പുത്, വിശാല്‍ ചൗഹാന്‍, ആനന്ദ് കുര്‍മി എന്നിവര്‍ സോനവും രാജയും എത്തിയപ്പോള്‍ തന്നെ ഗുവാഹത്തിയിലെത്തിയിരുന്നു. ഗുവാഹത്തിയില്‍ നിന്ന് ആദ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. തുടര്‍ന്ന് ഷില്ലോങ്ങിലും ഈസ്റ്റ് ഖാസി ഹില്‍സിനടുത്തെ ഗ്രാമമായ മാവ്‌ലാഖിയാട്ടില്‍ വെച്ചും കൊലപ്പെടുത്താന്‍ ശ്രമം നടന്നു.

എന്നാല്‍ നാലാമത്തെ തവണ സാവുദോങ് വെള്ളച്ചാട്ടത്തിന് അടുത്ത് മെയ് 23ന് ഉച്ചയ്ക്ക് രണ്ട് മണിക്കും 2.28നും ഇടയില്‍ രാജയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും ചേര്‍ന്ന് രാജയെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇയാളെ കൊലപ്പെടുത്തിയ ശേഷം രക്തം തെറിച്ച തന്റെ ഷര്‍ട്ട് കളയുകയും സോനം ധരിച്ചിരുന്ന റെയിന്‍കോട്ട് എടുത്ത് ധരിച്ചുവെന്നും പൊലീസ് പറഞ്ഞു.

ആദ്യം കുറ്റം രാജിന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു സോനം ശ്രമിച്ചത്. രാജ് തിരിച്ച് സോനത്തിന്റെ തലയില്‍ കെട്ടിവെക്കാനും ശ്രമിച്ചു. എന്നാല്‍ പിന്നീട് സോനം തനിക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.

സോനവും രാജയും മെയ് 11നാണ് വിവാഹം കഴിക്കുന്നത്. മെയ് 20നാണ് ഇരുവരും ഹണിമൂണിനായി കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് മേഘാലയയിലേക്ക് പുറപ്പെടുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഇരുവരെയും കാണാതായി. എന്നാല്‍ 11-ാം ദിവസം രാജയുടെ മൃതദേഹം ഒരു വലിയ താഴ്ചയില്‍ നിന്നും കണ്ടെത്തി. മൃതദേഹത്തിനടുത്ത് നിന്ന് ഒരു കത്തിയും തകര്‍ന്ന നിലയിലുള്ള മൊബൈല്‍ ഫോണും കണ്ടെടുത്തു.

ജൂണ്‍ 9ന് സോനത്തെ ഉത്തര്‍ പ്രദേശിലെ ഒരു ധാബയ്ക്കരികില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സോനം കുറ്റം സമ്മതിക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശ് പൊലീസ് പറയുന്നത് പ്രകാരം സോനം രാജ് കുശ്വാഹയുമായി നിരന്തരം കോണ്‍ടാക്ട് ചെയ്തിരുന്നു. മെയ് 16നും മെയ് 23 നും ഇടയില്‍ 30 തവണയായി പരസ്പരം വിളിച്ചിട്ടുണ്ട്.

SCROLL FOR NEXT