NATIONAL

ആയിരങ്ങള്‍ കസ്റ്റഡിയില്‍... പിണറായി വിജയനെ ഉള്‍പ്പെടെ നേതാക്കളെ മണിക്കൂറോളം വാഹനത്തില്‍ വട്ടം കറക്കി പൊലീസ്

കസ്റ്റഡിയില്‍ എടുത്തവരെ ആരെയും പുറത്തുവിട്ടിട്ടില്ല, ആരുടെയും അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല

Author : ന്യൂസ് ഡെസ്ക്

മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ആദ്യദിനം ഡല്‍ഹിയില്‍ അരങ്ങേറുന്നത് അസാധാരണ നടപടികള്‍. പ്രതിഷേധം തുടങ്ങും മുമ്പേ, സമരത്തിന് ആഹ്വാനം ചെയ്ത സിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഇടത്, ഐസ വിദ്യാര്‍ഥി-യുവജന സംഘടനകള്‍, ഇടതു പാര്‍ട്ടി നേതാക്കള്‍, ആം ആദ്മി പാര്‍ട്ടി, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങി ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സകലരെയും കൂട്ടത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലും പരിസരങ്ങളിലുമായി തയ്യാറാക്കിയ കരുതല്‍ തടങ്കലിലേക്ക് മാറ്റാനായി പലരെയും വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോയി. അതിനിടെ, പിണറായി വിജയന്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നേതാക്കളെ പൊലീസ് വാഹനത്തില്‍ നഗരത്തിലൂടെ മണിക്കൂറുകളോളം വട്ടം ചുറ്റിച്ചശേഷമാണ് സ്റ്റേഷനില്‍ എത്തിച്ചത്.

നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ വിമാനത്തില്‍ നിന്നിറങ്ങും മുമ്പേ കസ്റ്റഡിയില്‍ എടുത്തതോടെ സിജെപിക്ക് സമരം തുടങ്ങാനായിരുന്നില്ല. എന്നാല്‍ രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മിന്നല്‍ സമരങ്ങള്‍ ഉടലെടുത്തു. പ്രതിപക്ഷ പാര്‍ട്ടികളും, യുവജന സംഘടനകളും നൂറുകണക്കിന് പ്രവര്‍ത്തകരുമായി മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ, ഡിവൈഎഫ്ഐ എന്നിങ്ങനെ സംഘടനകള്‍ ഡല്‍ഹിയെ സമരഭരിതമാക്കി. എല്ലാവരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്താണ് പൊലീസ് പ്രതിഷേധത്തിന് പ്രതിരോധം തീര്‍ത്തത്.

ഇന്‍ഫ്ലുവന്‍സര്‍ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത്. സമരത്തിനായി ഡല്‍ഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ വിമാനത്തില്‍വച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. കേരള ഹൗസിൽനിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെയായിരുന്നു സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എം.വി. ഗോവിന്ദൻ, പിണറായി വിജയന്‍, ബൃന്ദാ കാരാട്ട്, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ തുടങ്ങിയവരെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇതിനൊപ്പം, പ്രതിഷേധത്തിനെത്തിയവരെയും കരുതല്‍ തടങ്കലിലാക്കുന്നുണ്ട്. ജന്തര്‍ മന്തര്‍, സന്‍സദ് മാര്‍ഗ്, കൊണാട്ട് പ്ലേസ്, അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ കസ്റ്റഡിയില്‍ എടുത്തത്.

മുന്നൂറോളം സിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും, പ്രത്യേകം തയ്യാറാക്കിയ കരുതല്‍ തടങ്കല്‍ കേന്ദ്രങ്ങളിലേക്കുമാണ് പലരെയും മാറ്റിയത്. ഇതിനിടെ ചില നേതാക്കളെ കുടിവെള്ളം പോലും നല്‍കാതെ പൊലീസ് വാഹനത്തില്‍ റോഡിലൂടെ വട്ടം ചുറ്റിച്ചു. പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ്, കെ.എന്‍. ബാലഗോപാല്‍ ഉള്‍പ്പെടെ നേതാക്കളെ ഇത്തരത്തില്‍ മണിക്കൂറോളം വട്ടം ചുറ്റിച്ചശേഷമാണ് സ്റ്റേഷനില്‍ എത്തിച്ചത്.

SCROLL FOR NEXT