മധുര: മധുരൈ ബൈപാസ് റോഡിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചക്കേസിലെ പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചെന്ന് റിപ്പോർട്ട്. പാലക്കനാഥം സ്വദേശിയും യൂട്യൂബറും ബൈക്ക്-ടാക്സി ഡ്രൈവറുമായി ജോലി ചെയ്യുന്ന 25 വയസുകാരനായ നിഷാന്ത് ആണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന. ഇയാളുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തി.
പ്രതിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം ഏകദേശം മൂന്ന് മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. കവർച്ചയ്ക്ക് ശേഷം പുലർച്ചെ 3.34-ഓടെ പ്രതി ഒരു സ്കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.
മധുര സിറ്റി പൊലീസ് കമ്മീഷണർ എസ്. രാജേന്ദ്രൻ്റെ മേൽനോട്ടത്തിൽ ഒൻപത് പ്രത്യേക സംഘങ്ങളാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്. മൊബൈൽ ടവർ ഡാറ്റയും പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒക്ടോബർ 14-ന് പ്രവർത്തനം ആരംഭിച്ച ഷോറൂമിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിന് പിന്നിലുണ്ടായിരുന്ന വഴിയിലൂടെ മുകളിലെത്തിയ പ്രതി പണി പൂർത്തിയാകാത്ത ലിഫ്റ്റ് വഴി താഴെയിറങ്ങിയാണ് ഷോറൂമിനുള്ളിൽ കടന്നതെന്നാണ് സൂചന.
പിപിഇ കിറ്റിന് സമാനമായ വസ്ത്രവും മുഖംമൂടിയും ഗ്ലൗസും ധരിച്ചെത്തിയ പ്രതി ഒരു മണിക്കൂറോളം ഷോറൂമിൽ ചെലവഴിച്ചു. രാത്രികാലങ്ങളിൽ ആഭരണങ്ങൾ ലോക്കറിലേക്ക് മാറ്റാതെ ഡിസ്പ്ലേ ഷോകേസുകളിൽ തന്നെ സൂക്ഷിച്ചതും അലാം സംവിധാനം പ്രവർത്തിക്കാതിരുന്നതും കവർച്ച എളുപ്പമാക്കി.
ഏകദേശം 11.5 കിലോ മുതൽ 15 കിലോ വരെ സ്വർണവും വജ്രാഭരണങ്ങളുമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഷോറൂമിലെ ജീവനക്കാരെയും നിർമ്മാണ തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.