ആംബർപേട്ടിലെ മല്ലികാർജുന നഗറിൽ നിന്നാണ് ദമ്പതികളെ പൊലീസ് ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത് Source: X/@ndtv
NATIONAL

ലൈംഗിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത സംഭവം: ദമ്പതികൾ കൃത്യം ചെയ്തത് പെൺമക്കളുടെ ഫീസടയ്ക്കാനെന്ന് പൊലീസ്

ഓട്ടോ ഡ്രൈവറായ ഭർത്താവിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഇതിൻ്റെ ചികിത്സാ ചെലവുകൾ കുടുംബത്തിന് താങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു.

Author : ന്യൂസ് ഡെസ്ക്

തെലങ്കാനയിൽ ലൈംഗിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ മൊബൈൽ ആപ്പിലൂടെ ലൈവ് സ്ട്രീം ചെയ്തതിന് അറസ്റ്റിലായ ദമ്പതികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് പൊലീസ്. വിദ്യാർഥികളായ മക്കളുടെ ഫീസടയ്ക്കാൻ എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് ഇവർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ഇതിനൊപ്പം ഓട്ടോ ഡ്രൈവറായ ഭർത്താവിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഇതിൻ്റെ ചികിത്സാ ചെലവുകൾ കുടുംബത്തിന് താങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു.

രണ്ട് പെൺമക്കളുടെ കോളേജ് ഫീസ് അടയ്ക്കാൻ ഈ ദമ്പതികൾക്ക് കഴിഞ്ഞില്ല, ഇരുവരും മെറിറ്റോറിയൽ വിദ്യാർഥികളാണ്. 41ഉം 37ഉം വയസ്സുള്ള ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. ഒരാൾ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിനിയും, ഇന്റർമീഡിയറ്റ് പരീക്ഷയിൽ 470 ൽ 468 മാർക്ക് നേടിയ മകൾ കോളേജിൽ ചേരാൻ തയ്യാറെടുക്കുകയുമായിരുന്നു. ഇവരുടെ ചെലവുകൾ വഹിക്കാനാണ് ദമ്പതികൾ ലൈവ് സ്ട്രീമിങ് നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം.

ആംബർപേട്ടിലെ മല്ലികാർജുന നഗറിൽ നിന്നാണ് പുരുഷനെയും സ്ത്രീയെയും പൊലീസ് ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് ഹൈ ഡെഫനിഷൻ ക്യാമറകൾ ഉൾപ്പെടെ നിരവധി ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ലൈവ് വീഡിയോയ്ക്ക് 2,000 രൂപയും റെക്കോർഡഡ് വീഡിയോക്ക് 500 രൂപയുമാണ് ദമ്പതികൾ ഉപയോക്താക്കളിൽ നിന്നും ഈടാക്കിയിരുന്നത്.

സ്ട്രീമിങ് സമയത്ത് വ്യക്തിത്വം മറയ്ക്കാനായി ഇരുവരും മുഖംമൂടി ധരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  അന്വേഷണം നടന്നുവരികയാണെന്നും ദമ്പതികളിൽ നിന്ന് വീഡിയോകൾ വാങ്ങിയവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT