ആവണിയപുരത്ത് ജെല്ലിക്കെട്ട് മത്സരങ്ങൾക്ക് അരങ്ങുണർന്നു. 
NATIONAL

മാട്ടുപൊങ്കൽ ദിനത്തിൽ ജെല്ലിക്കെട്ട് ആവേശത്തിലമർന്ന് ആവണിയപുരം; ഇക്കുറി അണിനിരത്തുന്നത് 1000 കാളക്കൂറ്റന്മാരെ

മധുര, വിരുദുനഗർ, ശിവഗംഗ, രാമനാഥപുരം, തേനി, ഡിണ്ടിഗൽ, ട്രിച്ചി തുടങ്ങി നിരവധി ജില്ലകളിൽ നിന്നുള്ള ആയിരത്തിലധികം കാളകൾ ഈ ജെല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് മാട്ടുപൊങ്കൽ ദിനത്തിൽ നടത്തുന്ന തമിഴ്‌നാട്ടിലെ പരമ്പരാഗതമായ മത്സരമാണ് ജെല്ലിക്കെട്ട്. ഈ വർഷത്തെ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി മധുര ജില്ലയിലെ ആവണിയപുരത്ത് ജെല്ലിക്കെട്ട് മത്സരങ്ങൾക്ക് അരങ്ങുണർന്നു. മധുര, വിരുദുനഗർ, ശിവഗംഗ, രാമനാഥപുരം, തേനി, ഡിണ്ടിഗൽ, ട്രിച്ചി തുടങ്ങി നിരവധി ജില്ലകളിൽ നിന്നുള്ള ആയിരത്തിലധികം കാളകൾ ഈ ജെല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ കാളയെ മെരുക്കാനായി പല സ്ഥലങ്ങളിൽ നിന്നും അഞ്ഞൂറോളം ആളുകളും ഇവിടെ എത്തിയിട്ടുണ്ട്.

തിരുപ്പരൻകുണ്ഡ്രം റോഡിലെ ഭദ്രകാളി അമ്മൻ ക്ഷേത്രത്തിനടുത്തുള്ള മൈതാനത്ത് വച്ചാണ് ജെല്ലിക്കെട്ട് മത്സരങ്ങൾ നടക്കുന്നത്. മന്ത്രിമാരായ പി. മൂർത്തിയും പളനിവേൽ ത്യാഗരാജനും മത്സരം ഉദ്‌ഘാടനം ചെയ്‌തു. ഓരോ മണിക്കൂറിലും 80 മുതൽ 90 വരെ കാളകളെ വാടിവാസൽ (പ്രവേശന കവാടം) വഴി തുറന്നുവിടുന്നുണ്ട്. മത്സരം കാണാനായി പതിനായിരക്കണക്കിന് ആളുകളും ഇവിടെ ഒത്തുകൂടിയിട്ടുണ്ട്. സുരക്ഷയ്ക്കായി 2000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്.

ലോകപ്രശസ്തമായ അലങ്കനല്ലൂർ ജെല്ലിക്കെട്ട് ശനിയാഴ്ച

വെള്ളിയാഴ്ചയാണ് പാലമേട് ജെല്ലിക്കെട്ട് നടക്കുക. തുടർന്ന് ശനിയാഴ്ച ലോകപ്രശസ്തമായ അലങ്കനല്ലൂർ ജെല്ലിക്കെട്ട് നടക്കും. അതിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ് പാരമ്പര്യത്തിൻ്റേയും സംസ്കാരത്തിൻ്റേയും പ്രതീകമായാണ് ജെല്ലിക്കെട്ട് ആഘോഷിക്കുന്നതെങ്കിലും, മൃഗാവകാശ പ്രവർത്തകർ മൃഗങ്ങൾക്കെതിരായ ക്രൂരതയെക്കുറിച്ച് നിരന്തരം ആശങ്കകൾ ഉന്നയിക്കുന്നത് തുടരുകയാണ്. നേരത്തെ സുപ്രീം കോടതി വിലക്കിയ ജെല്ലിക്കെട്ട് കനത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ പുനരാരംഭിച്ചിരുന്നു.

എന്താണ് ജെല്ലിക്കെട്ട്?

കാളയുടെ കൊമ്പിൽ കെട്ടിയ കിഴി എന്നാണ് ജെല്ലിക്കെട്ട് എന്ന പേരിൻ്റെ അർഥം. ആ കിഴി കൈയ്യടക്കാൻ വേണ്ടി വാടിവാസലിലൂടെ ഓടി വരുന്ന കാളകളെ വെറും കൈയ്യാൽ പിടിച്ചു നിർത്തുന്നതാണ് മത്സരം. ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങൾ വർഷങ്ങൾക്കു മുൻപേ തുടങ്ങണം. പ്രത്യേക ആഹാരം നൽകിയാണ് ജെല്ലിക്കെട്ട് കാളയെ വളർത്തുക. അഞ്ചോ ആറോ വയുസുള്ള കാളകളെയായിരിക്കും ജെല്ലിക്കെട്ടിന് ഇറക്കുക. ആ കാളകളെ പിടിച്ചുകെട്ടുന്നവർ വീരൻമാർ. അവർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.

പ്രത്യേക ഭക്ഷണം, പ്രത്യേക പരീശിലനം!

കഴിഞ്ഞ രണ്ട് മാസത്തിലധികമായി ജെല്ലിക്കെട്ട് മത്സരത്തിനായി ഉടമകൾ കാളകൾക്ക് പ്രത്യേക പരീശിലനം നൽകുന്നുണ്ട്. രാവിലെയും വൈകുന്നേരവും നടത്തവും, നീന്തൽ പരിശീലനവും എല്ലാം നൽകുന്നുണ്ട്. കൂടാതെ ഇവയ്ക്ക് പച്ചപ്പുല്ല്, പരുത്തി വിത്തുകൾ, അരി, ചോളം, ശർക്കര, ഈത്തപ്പഴം എന്നിവ ഉൾപ്പെടുത്തി കൊണ്ടായിരിക്കും ഭക്ഷണം നൽക്കുക.

ഈ ജെല്ലിക്കെട്ട് മത്സരത്തിൽ ഓരോ റൗണ്ടിലും 50 പേർ പങ്കെടുക്കും. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും കാളകളെയും അവയെ മെരുക്കുന്നവരെയും മത്സരത്തിൽ പങ്കെടുപ്പിക്കുക. കാറുകൾ, ഇരുചക്ര വാഹനങ്ങൾ, വാർഡ്രോബുകൾ, കിടക്കകൾ, സ്വർണ നാണയങ്ങൾ, വെള്ളി ആഭരണങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും.

SCROLL FOR NEXT