നാഗ്പൂർ: മരണം എന്നാൽ ഏവർക്കും ദുഃഖം നൽകുന്ന ഒന്നാണ്. മരണാനന്തര ചടങ്ങുകളിൽ എത്തുന്നവരും ഏറെ പ്രയാസത്തിലാകും. ആളുകൾ എന്നന്നേയ്ക്കുമായി വിട്ടു പോകുന്നത് ഏറ്റവും സങ്കടകരമായ കാര്യങ്ങളിലൊന്നാണ്. എന്നാൽ മരണത്തിൽ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് ഒരാൾ വരികയെന്നാൽ അത് അപൂർവവും അതിലുമേറെ സന്തോഷകരവുമായ കാര്യമാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ നാഗ്‌പൂരിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
103 വയസുകാരിയാണ് മരണത്തിൽ നിന്ന് ജീവിതത്തിലക്ക് മടങ്ങിയത്. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ രാംടേക്കിലാണ് സംഭവം. 103കാരിയായ ഗംഗാഭായി സഖാരെയെ ഇപ്പോൾ നാട്ടുകാർ വിളിക്കുന്നത് ജീവിക്കുന്ന അത്ഭുതം എന്നാണ്. കഴിഞ്ഞ ദിവസം രാംടേക്കിലെ വീട്ടിൽ ഗംഗാഭായിയുടെ സംസ്കാരച്ചടങ്ങിനെത്തിയവർ മടങ്ങിയത് അവരുടെ ജന്മദിന കേക്ക് കഴിച്ചാണ്.
തിങ്കളാഴ്ട വൈകീട്ടാണ് ഗംഗാഭായ് മരിച്ചതായി സ്ഥിരീകരിച്ചത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. എല്ലാവരും എത്തിയതിനു പിറകെ സംസ്കാര ചടങ്ങുകൾക്ക് ഒരുക്കങ്ങൾ തുടങ്ങി. ശരീരം ചിതയിലേയ്ക്ക് എടുക്കുമ്പോഴാണ് കൊച്ചുമകൻ രാകേഷ് സഖാരെ മുത്തശ്ശിയുടെ വിരലുകൾ ചലിക്കുന്നതായി ശ്രദ്ധിച്ചത്. പിന്നീട് മൂക്കിൽ നിന്നുള്ള പഞ്ഞി എടുത്തയുടൻ ഗംഗാഭായി ശ്വാസമെടുത്തു.
അതോടെ മരണ വീട്ടിൽ എല്ലാവരും സന്തോഷത്തിലായി. അന്ന് ഗംഗാഭായിയുടെ 103 ാം ജന്മദിനം കൂടി ആയിരുന്നു. അതുകൊണ്ടു തന്നെ സന്തോഷം ആഘോഷമായി മാറി. പിറന്നാൾ ആഘോഷിച്ച് ജന്മദിനത്തിന്റെ കേക്കും കഴിച്ചാണ് സംസ്കാര ചടങ്ങിനെത്തിയ ബന്ധുക്കളും നാട്ടുകാരും മടങ്ങിയത്. രണ്ടാം ജന്മം ലഭിച്ചെന്ന് പറഞ്ഞ് ഗംഗാഭായിയെ കാണാൻ ഇപ്പോൾ അയൽ ഗ്രാമങ്ങളിൽ നിന്നുപോലും ആളുകളെത്തുന്നുണ്ട്.