എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തില്‍ നരേന്ദ്ര മോദി ANI
NATIONAL

"ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുകയെന്നത് ദേശീയ ഉത്തരവാദിത്തം"; സിജെപി പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി

രാജ്യത്തിന്റെ ഭാവിക്കും യുവാക്കളുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കാന്‍ എല്ലാ എംപിമാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി

Author : ന്യൂസ് ഡെസ്ക്

സിജെപി പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ, നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും നടയുന്നത് ദേശീയ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് വ്യക്തമാക്കിയത്. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിനുശേഷമായിരുന്നു കിരൺ റിജിജുവിന്റെ വാക്കുകൾ.

"നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കണം, കുറ്റമറ്റ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഖ്യകക്ഷികള്‍ ഒന്നിച്ചുനില്‍ക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. രാജ്യത്തിന്റെ ഭാവിക്കും യുവാക്കളുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കാന്‍ എല്ലാ എംപിമാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്"- പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് റിജിജു പറഞ്ഞു.

നീറ്റ് ചോദ്യപേപ്പര്‍ ഉള്‍പ്പെടെ പരീക്ഷാക്രമക്കേടുകള്‍ ഉന്നയിച്ച്, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. സിജെപി പ്രവര്‍ത്തകര്‍ ഇന്നലെ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച്, പൊലീസ് അടിച്ചമര്‍ത്തിയിരുന്നു. ഇതോടെ, കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയിട്ടുണ്ട്.

പ്രക്ഷോഭം തടയുന്നതിന്റെ പേരില്‍ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുഖ്യമന്ത്രിമാരായ വി.ഡി. സതീശന്‍, ഡി.കെ. ശിവകുമാര്‍, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ എംപിമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തിയത്.

SCROLL FOR NEXT