ചെന്നൈ: ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ ഗവർണറും മുഖ്യമന്ത്രിയും എത്തിയാണ് സ്വീകരിച്ചത്.
4,900 കോടി രൂപയോളം ചെലവഴിച്ച് നിർമിച്ച പൂനമല്ലി മുതൽ വടപളനി വരെയുള്ള സർവീസ് ആണ് മോദി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം പോരൂർ ബൈപാസ് സ്റ്റേഷനിൽ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു.
ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണം നൽകി ടിക്കറ്റെടുത്ത ശേഷമായിരുന്നു മോദിയുടെ യാത്ര. മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ചെന്നൈ നഗരത്തിൽ ഏർപ്പെടുത്തിയിരുന്നത്.
4,900 കോടി രൂപ ചെലവഴിച്ച് നിർമിച്ച 15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേൽപ്പാല മെട്രോ പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്. ഓപ്പറേറ്ററില്ലാത്ത ട്രെയിൻ സർവീസുകളെ പിന്തുണയ്ക്കുന്ന അത്യാധുനിക സിഗ്നലിങ് സംവിധാനങ്ങളും 3.7 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ ഘടനയും ഈ പാതയിലുണ്ട്.
പൂനമല്ലി ബൈപാസ്, പൂനമല്ലി ബസ് സ്റ്റാൻഡ്, പൂനമല്ലി ഗവൺമെൻ്റ് ഹോസ്പിറ്റൽ, കാരയാഞ്ചവാടി, കുമണഞ്ചവാടി, കാട്ടുപാക്കം, അയ്യപ്പൻതാങ്കൾ, തെളളിയരഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ, വടപളനി എന്നിവയാണ് പുതിയ സ്റ്റേഷനുകൾ. ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയും, തിങ്കളാഴ്ച മുതൽ രാവിലെ 7 മുതൽ രാത്രി 9 വരെയും പൊതുജനങ്ങൾക്ക് സർവീസ് ലഭ്യമാകും. തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവിട്ടും മറ്റ് സമയങ്ങളിൽ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സർവീസുകൾ.
അതേസമയം രാഹുൽ ഗാന്ധി ഇന്നലെ ചെന്നൈയിലെത്തി സി. ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യ കക്ഷികൾ തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് വിരുന്നൊരുക്കിയത്. മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച.