ന്യൂഡല്‍ഹി: 79ാമത് സ്വാതന്ത്ര ദിനത്തില്‍ യുവാക്കള്‍ക്കായി 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന' പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ മേഖലയില്‍ ആദ്യ ജോലി ലഭിക്കുന്ന യുവാക്കള്‍ക്ക് 15,000 രൂപ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മൂന്നര കോടി യുവാക്കൾക്ക് പദ്ധതി ഗുണം ചെയ്യുമെന്നും യുവാക്കൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് മോദി പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ഉടനടി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, തൊഴിൽ-ബന്ധിത പ്രോത്സാഹന (ELI) പദ്ധതി അംഗീകരിച്ചതായി തൊഴിൽ മന്ത്രാലയം കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
ജൂലൈ 25ന് പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന (PMVBRY) രണ്ട് വർഷത്തിനുള്ളിൽ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യമിടുന്നത് എന്നാണ് പറഞ്ഞത്. ഇതിൽ 1.92 കോടി ഗുണഭോക്താക്കൾ ആദ്യമായി തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നവരായിരിക്കും.
രണ്ട് ഭാഗങ്ങളാണ് ഈ പദ്ധതിക്കുള്ളത്. ഒന്ന്, ആദ്യമായി ജോലിക്ക് പ്രവേശിക്കുന്നവരെ കേന്ദ്രീകരിച്ചും രണ്ടാം ഭാഗം തൊഴിലുടമകളെ കേന്ദ്രീകരിച്ചും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ആദ്യ ഭാഗം. ഇവർക്ക് ഒരു മാസത്തെ ഇപിഎഫ് വേതനം 15,000 രൂപ വരെ രണ്ട് ഗഡുക്കളായി ലഭിക്കും. ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാരാകും ഈ പദ്ധതിക്ക് അർഹരാകുക.
രണ്ടാം ഭാഗം എല്ലാ മേഖലകളിലും അധിക തൊഴിൽ സൃഷ്ടിക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ഉൽപ്പാദന മേഖലയിൽ പ്രത്യേക ശ്രദ്ധ നല്‍കും. ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാരെ അടിസ്ഥാനമാക്കി തൊഴിലുടമകൾക്ക് ഇൻസെന്റീവ് നല്‍കും. കുറഞ്ഞത് ആറ് മാസത്തേക്ക് സ്ഥിരം തൊഴിൽ നല്‍കുന്ന തൊഴില്‍ദാതാവിന് ഓരോ അധിക ജീവനക്കാരനും രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ വരെ കേന്ദ്രം പ്രോത്സാഹനമായി നല്‍കും. ഉൽപ്പാദന മേഖലയ്ക്ക്, ഇൻസെന്റീവ് മൂന്നാമത്തെയും നാലാമത്തെയും വർഷത്തേക്ക് കൂടി നീട്ടും. പാനുമായി ബന്ധിച്ച അക്കൗണ്ടുകളിലേക്ക് നേരിട്ടാകും തൊഴിലുടമകള്‍ക്ക് അടവുകള്‍ നല്‍കുക.