പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തി. ഇന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി ചര്‍ച്ച നടത്തും. നാല് വര്‍ഷമായി ചര്‍ച്ച നടത്തുന്ന ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിലും ഇന്ന് ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.
പ്രധാനമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പിയൂഷ് ഗോയലുമുണ്ട്. മൂന്ന് വര്‍ഷത്തിലേറെയായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് അവസാനമുണ്ടായതായി മെയ് ആറിന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. ലെതര്‍, ചെരുപ്പ്, തുണിത്തരങ്ങള്‍ തുടങ്ങി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ക്കും ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിസ്‌കി, കാറുകള്‍, എന്നിവ അടക്കമുള്ള വസ്തുക്കള്‍ക്ക് ടാക്‌സ് ഒഴിവാക്കുന്നതുമാണ് കരാര്‍.
കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം വസ്തുക്കള്‍ക്കും ബ്രിട്ടന്‍ നികുതി ഒഴിവാക്കും. ഇരു രാജ്യങ്ങളിലെയും ധനമന്ത്രിമാര്‍ ഒപ്പുവെച്ച കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇന്ത്യന്‍ കാബിനറ്റ് നേരത്തെ തന്നെ കരാറിന് അംഗീകാരം നല്‍കിയിരുന്നു.
ഇന്ത്യയിലെ നിക്ഷേപകരില്‍ വലിയ ആറാമത്തെ രാജ്യമാണ് ബ്രിട്ടന്‍. 36 ബില്യണ്‍ ഡോളര്‍ ആണ് ബ്രിട്ടന്റെ നിക്ഷേപം. ബ്രിട്ടനില്‍ 1 ലക്ഷം ജീവനക്കാരുള്ള 1000 ഇന്ത്യന്‍ കമ്പനികള്‍ ഉണ്ട്. 2 ബില്യണ്‍ ഡോളര്‍ ആണ് ഇന്ത്യയുടെ നിക്ഷേപം.
നാല് ദിവസത്തെ യുകെ, മാലെദ്വീപ് യാത്രയ്ക്കായാണ് മോദി യാത്ര തിരിച്ചത്. ആദ്യം യുകെയിലെത്തിയ മോദി സന്ദര്‍ശനത്തിന് ശേഷം മാലെദ്വീപ് പ്രസിഡന്റ് മുഹമ്മദ് മെയ്‌സുവിന്റെ ക്ഷണപ്രകാരമാണ് മാലെദ്വീപിലെത്തുക.