NATIONAL

"ഭയപ്പെടുന്നത് എപ്സ്റ്റീന്‍ ഫയല്‍സിനെയോ അതോ രാഹുല്‍ ഉദ്ധരിച്ച് സംസാരിച്ച പുസ്തകത്തെയോ?"; മോദിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

പ്രതിപക്ഷ നേതാവിന് സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ കഴിയണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ എത്താത്തിനെ പരിഹസിച്ച് എംപി പ്രിയങ്ക ഗാന്ധി. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള നീക്കമാണോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

പ്രതിപക്ഷ നേതാവിന് സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ കഴിയണം. ഇങ്ങനെയാണോ ഒരാളെക്കുറിച്ചു പറയുകയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. മോദിക്ക് എപ്സ്റ്റീന്‍ ഫയല്‍സിനെ ഭയമാണോ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

'ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുക? അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണം. എന്തിനെയാണ് മോദി ഭയക്കുന്നത്. നരവനെയുടെ പുസ്തകത്തെ ഉദ്ധരിച്ച് പറഞ്ഞതിനെയാണോ? അതോ എപ്സ്റ്റീന്‍ ഫയല്‍സിനെയോ? അതുമല്ലെങ്കില്‍ ഞങ്ങള്‍ ഇന്ത്യ-യുഎസ് കരാറില്‍ കര്‍ഷകര്‍ അനുഭവിക്കുന്നതിനെക്കുറിച്ച് ചോദിക്കാം,' പ്രിയങ്ക ഗാന്ധി പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷം സഭാ നടപടികള്‍ നിരന്തരം തടസപ്പെടുത്തുകയാണെന്ന് കേന്ദ്ര മന്ത്രി ജെപി നഡ്ഡ ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതെ സര്‍ക്കാര്‍ ചര്‍ച്ച അടിച്ചമര്‍ത്തുകയാണെന്ന് എംപി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രസംഗം പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ച. ലോക്‌സഭയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്നത്തെ രാജ്യസഭയില്‍ സ്തംഭനം ഉണ്ടായത്. തിങ്കളാഴ്ച, മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ ഓര്‍മ്മക്കുറിപ്പിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നതിനിടെയും രാഹുല്‍ ഗാന്ധിയെ സംസാരിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു.

SCROLL FOR NEXT