ANI
NATIONAL

വിദ്യാർഥികൾ എന്താ തീവ്രവാദികളാണോ? ക്യാമറയുടെ ആംഗിൾ അല്ല, പ്രധാനമന്ത്രി ഹൃദയത്തിന്റെ ആംഗിൾ മാറ്റണം: പ്രിയങ്ക ഗാന്ധി

"രാജ്യത്തെ യുവാക്കള്‍ക്കുനേരെ പെല്ലറ്റ് ഗണ്ണുകളും എ.കെ. 47 തോക്കുകളും പ്രയോഗിക്കേണ്ട സാഹചര്യം എന്തായിരുന്നു?"

Author : ന്യൂസ് ഡെസ്ക്

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി. നീറ്റ് ചോദ്യ പേപ്പര്‍ ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെയാണ് പ്രിയങ്ക ചോദ്യം ചെയ്തത്. രാജ്യത്തെ യുവാക്കള്‍ക്കുനേരെ പെല്ലറ്റ് ഗണ്ണുകളും എ.കെ. 47 തോക്കുകളും പ്രയോഗിക്കേണ്ട സാഹചര്യം എന്തായിരുന്നു? പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ എന്താ തീവ്രവാദികളാണോ? അവര്‍ക്കെതിരെ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിക്കാന്‍ ഉത്തരവിട്ടത് പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ എന്ന് വ്യക്തമാക്കണം. നിരപരാധികളായ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സമാധാനപരമായ രീതിയില്‍ തങ്ങളുടെ വേദന പ്രകടിപ്പിച്ച യുവാക്കള്‍ക്ക് നീതിയും ബഹുമാനവുമാണ് നല്‍കേണ്ടത്. ഇന്ത്യന്‍ യുവത്വത്തെ നരേന്ദ്ര മോദിയും അമിത് ഷായും എന്തിന് ഭയപ്പെടുന്നുവെന്നും പ്രിയങ്ക ചോദിച്ചു. പരീക്ഷാ പേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്മേൽ നടന്ന ചർച്ചയിലായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

രാജ്യത്തെ പരീക്ഷാ സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. പത്ത് വര്‍ഷത്തിനിടെ 152 തവണ ചോദ്യ പേപ്പര്‍ ചോര്‍ന്നു. 7.5 കോടി വിദ്യാര്‍ഥികളെയാണ് അത് ബാധിച്ചത്. ഇത്രയൊക്കെ സംഭവിച്ചിട്ടും, പരീക്ഷ മാഫിയയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വിദ്യാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. നീതിക്കായി കാത്തിരിക്കുന്ന രാജ്യത്തെ പെൺകുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിയമനമെന്ന് പ്രിയങ്ക ആരോപിച്ചു. ബില്‍ക്കിസ് ബാനു കേസില്‍ പ്രള്‍ഹാദ് ജോഷി നടത്തി പരാമര്‍ശങ്ങള്‍ ഓര്‍മപ്പെടുത്തിയായിരുന്നു പ്രിയങ്കയുടെ ആരോപണം.

പ്രിയങ്കയുടെ ആരോപണത്തെ എതിര്‍ത്ത് ഭരണപക്ഷം രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രിയുടെ അന്തസിന് കളങ്കമുണ്ടാക്കിയ ആരോപണങ്ങള്‍ക്ക് പ്രിയങ്ക മാപ്പ് പറയണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രള്‍ഹാദ് ജോഷിയും പറഞ്ഞു. എന്തെങ്കിലും പറയുന്നതിനു മുമ്പ് വസ്തുതകള്‍ പരിശോധിക്കണം. കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം, സഭയില്‍നിന്ന് പുറത്താക്കണമെന്നും പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ക്ക് വീഡിയോ ഉള്‍പ്പെടെ തെളിവുകളുണ്ടെന്നും, സഭയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. ഒടുവില്‍ ഭരണപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കി.

സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് നേതാക്കളെ തിരുകിക്കയറ്റി വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുകയാണ്. എന്‍ടിഎ സ്ഥാപിക്കാനുള്ള തീരുമാനവും, പരീക്ഷാ സംവിധാനം കേന്ദ്രീകരിച്ചതുമെല്ലാം കാര്യങ്ങളെ സങ്കീര്‍ണമാക്കിയെന്ന് അഭിപ്രായപ്പെട്ട പ്രിയങ്ക പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം റീലുകളെയും പരിഹസിച്ചു. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കവെ, അര്‍ധരാത്രിയുള്ള റീലുകള്‍ ഒന്നിനും പരിഹാരമല്ല. ക്യാമറുടെ ആംഗിള്‍ അല്ല, ഹൃദയത്തിന്റെ ആംഗിളാണ് പ്രധാനമന്ത്രി മാറ്റേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.

SCROLL FOR NEXT