NATIONAL

ബംഗ്ലാദേശിലെ ഇന്ത്യക്കാരൻ്റെ ആൾക്കൂട്ടക്കൊല: ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച് ഹിന്ദുത്വ സംഘടനകൾ, നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്

വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ എന്നീ സംഘടനകളുടെ പ്രവർത്തകർ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലേക്ക് ഇരച്ചെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബംഗ്ലാദേശിലെ ഇന്ത്യക്കാരൻ്റെ ആൾക്കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച് ഹിന്ദുത്വ സംഘടനകൾ. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ചാണ് പ്രതിഷേധിച്ചാണ് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ എന്നീ സംഘടനകളുടെ പ്രവർത്തകർ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലേക്ക് ഇരച്ചെത്തിയത്.

പ്രവർത്തകർ പൊലീസിൻ്റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിന് പിന്നാലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നിരുന്നു. തുടർന്നും പിരിഞ്ഞ് പോകാൻ തയ്യാറാകാത്ത ആൾക്കൂട്ടം ഹൈക്കമ്മീഷനിലേക്ക് പ്രവേശിക്കാൻ ശ്രമം തുടരുകയാണ്. രണ്ടോളം ബാരിക്കേഡുകൾ മാറ്റിയാണ് ഇവർ പൊലീസിനേയും മറികടന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പൊലീസ് പ്രതിഷേധക്കാരെ ശാന്തരാക്കി നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്.

കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ മൈമെൻസിംഗിൽ ജനക്കൂട്ടം ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദുവിനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ദീപു ദാസിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രകടനക്കാർ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി മുദ്രാവാക്യങ്ങൾ വിളിച്ചു.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കെട്ടിടത്തിന് പുറത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിൻ്റെയും അർധസൈനിക വിഭാഗത്തിൻ്റെയും സൈനികരെ വിന്യസിച്ചിരിക്കുന്നതിനാൽ പ്രദേശത്ത് മൂന്ന് പാളികളായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഡിസംബർ 19ന് ബംഗ്ലാദേശിലെ മൈമെൻസിംഗിലെ ബലൂക്കയിലാണ് ദൈവനിന്ദ ആരോപിച്ച് 25 വയസ്സുള്ള വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ജനക്കൂട്ടം തല്ലിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുറഞ്ഞത് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ബംഗ്ലാദേശ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിലും സിലിഗുരിയിലും നടന്ന സംഭവങ്ങളിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള ഭീഷണികൾ ചൂണ്ടിക്കാട്ടി അവരുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു.

"നയതന്ത്ര സ്ഥാപനങ്ങൾക്കെതിരായ ഇത്തരം ആസൂത്രിതമായ അക്രമങ്ങളോയും ഭീഷണി നടപടികളേയും ബംഗ്ലാദേശ് അപലപിക്കുന്നു. ഇത് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടപ്പെടുത്തുക മാത്രമല്ല, പരസ്പര ബഹുമാനത്തിൻ്റെയും സമാധാനത്തിൻ്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെയും ദുർബലപ്പെടുത്തുന്നു," ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

SCROLL FOR NEXT