NATIONAL

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

ഈ തട്ടിപ്പ് ആസൂത്രണം ചെയ്ത എൻ‌ടി‌എയുടെ പരീക്ഷാ പ്രക്രിയയിൽ ഉൾപ്പെട്ട കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണിയാണ് പിടിയിലായത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്താകമാനം 23 ലക്ഷം വിദ്യാർഥികളെ ബാധിച്ച 2026ലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു. ഈ തട്ടിപ്പ് ആസൂത്രണം ചെയ്ത എൻ‌ടി‌എയുടെ പരീക്ഷാ പ്രക്രിയയിൽ ഉൾപ്പെട്ട കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണിയാണ് പിടിയിലായത്.

ലാത്തൂർ സ്വദേശിയായ പി.വി. കുൽക്കർണി പൂനെയിൽ കെമിസ്ട്രി ലക്ചററാണെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ‌ടി‌എ) പരീക്ഷാ പ്രക്രിയയിൽ ഇയാൾ നേരിട്ട് പങ്കാളി ആയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. അതുവഴിയാണ് കുൽക്കർണിക്ക് ചോദ്യപേപ്പറുകൾ ലഭിച്ചതെന്നും സിബിഐ വെളിപ്പെടുത്തി.

സിബിഐയുടെ കണ്ടെത്തൽ പ്രകാരം, 2026 ഏപ്രിൽ അവസാന വാരത്തിൽ, മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ സഹായത്തോടെ കുൽക്കർണി വിദ്യാർഥികളെ വിളിച്ചു കൂട്ടി പൂനെയിലെ വീട്ടിൽ 'രാജ് കോച്ചിങ് ക്ലാസ്' എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസുകൾ നടത്തിയിരുന്നു. മനീഷ വാഗ്മറെ 2026 മെയ് 14ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

സ്പെഷ്യൽ ക്ലാസുകളിൽ ഇയാൾ വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷയ്ക്ക് വരാവുന്ന ചോദ്യങ്ങൾ, അവയുടെ ഓപ്ഷനുകൾ, ശരിയായ ഉത്തരങ്ങൾ എന്നിവ പറഞ്ഞു കൊടുത്തിരുന്നു. വിദ്യാർഥികൾ അവരുടെ നോട്ട്ബുക്കുകളിൽ ഈ ചോദ്യങ്ങൾ എഴുതിവച്ചിരുന്നു. 2026 മെയ് 3ന് നടന്ന യഥാർത്ഥ നീറ്റ്-യുജി പരീക്ഷുയടെ ചോദ്യപേപ്പറുമായി ഈ ചോദ്യങ്ങൾ പൊരുത്തപ്പെടുന്നതായി സിബിഐ കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് ഒടുവിൽ എട്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹല്യനഗർ എന്നിവിടങ്ങളിൽ നിന്നായാണ് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ പ്രതികളിൽ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളെ പൂനെ കോടതിയിൽ ട്രാൻസിറ്റ് റിമാൻഡിനായി ഹാജരാക്കി ഡൽഹിയിലേക്ക് കൊണ്ടുവരും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം വിവിധയിടങ്ങളിൽ സിബിഐ റെയ്ഡുകൾ നടത്തി. നിരവധി പ്രധാന രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഈ വസ്തുക്കളിൽ നിലവിൽ ഫോറൻസിക്, സാങ്കേതിക പരിശോധനകൾ നടക്കുന്നുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് മെയ് 12ന് സിബിഐ ചോദ്യപേപ്പർ ചോർച്ചയിൽ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കുകയും രാജ്യമെമ്പാടും റെയ്ഡുകൾ നടത്തുകയും ചെയ്തിരുന്നു.

SCROLL FOR NEXT