അമൃത്സർ: പഞ്ചാബിലെ ജലന്ധർ, അമൃത്സർ കാൻ്റ് എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി ഇരട്ട സ്ഫോടനം ഉണ്ടായത്. ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് അടുത്ത് സ്കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമത്തെ സ്ഫോടനം അമൃത്സർ കാൻ്റിന് സമീപമാണ് നടന്നത്. രണ്ട് മണിക്കൂറുകളുടെ ഇടയിലാണ് രണ്ട് സ്ഫോടനങ്ങൾ ഉണ്ടായത്.
ജലന്ധറിലെ അതിർത്തി സുരക്ഷാ സേന ആസ്ഥാനത്തിൻ്റെ പ്രധാന ഗേറ്റിന് പുറത്ത് രാത്രി 8 മണിയോടെയാണ് ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. പ്രതിരോധ സ്ഥാപനത്തിൻ്റെ ആസ്ഥാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറിന് തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.
സ്ഫോടനത്തിൻ്റെ ആഘാതം ഏകദേശം 300 മീറ്റർ അകലെ വരെ അനുഭവപ്പെട്ടു. സ്ഫോടനത്തിൽ കാറിൻ്റെ ചില്ലും, കടയുടെ ഗ്ലാസ് ചില്ലുകളും തകർന്നു. പ്രദേശത്ത് വൻ ശബ്ദം പ്രകമ്പനം സൃഷ്ടിച്ചു.
സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തിവരുകയാണ്. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.