യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ. അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുടിൻ മോദിയെ അറിയിച്ചതായാണ് റിപ്പോർട്ട്. യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
പത്ത് ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് മോദിയും പുടിനും ഫോൺ സംഭാഷണം നടത്തുന്നത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് അധിക തീരുവ ചുമത്തിയ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ഫോൺ കോൾ. സംഭാഷണത്തിന് പിന്നാലെ പുടിന് നന്ദിയറിയിച്ച് നരേന്ദ്ര മോദി എക്സ് പോസ്റ്റ് പങ്കുവെച്ചു.
"അലാസ്കയിൽ പ്രസിഡന്റ് ട്രംപുമായുള്ള തന്റെ സമീപകാല കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് നന്ദി. യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്," മോദി എക്സിൽ കുറിച്ചു. പുടിനുമായുള്ള തുടർ സംഭാഷണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മോദി കുറിച്ചു.
അതേസമയം അലാസ്ക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്താനിടയില്ലെന്ന സൂചന ട്രംപ് നൽകിയിരുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തിയേക്കില്ലെന്നാണ് ട്രംപ് നൽകുന്ന സൂചന. എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തിയതിന് പിന്നാലെ റഷ്യക്ക് ഉപഭോക്താക്കളിൽ നിന്ന് ഇന്ത്യയെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.
ട്രംപ്-പുടിൻ ചർച്ചയിൽ യുക്രെയ്ൻ വെടിനിർത്തൽ കരാറിലെത്തിയിരുന്നില്ല. മണിക്കൂറുകളോളം നീണ്ട ചർച്ചയിൽ നോ ഡീൽ എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമർ സെലന്‍സ്കിയുമായും നാറ്റോയുമായും ഉടന്‍ ബന്ധപ്പെടുമെന്നും ചർച്ചയ്ക്ക് ശേഷം ട്രംപ് അറിയിച്ചു.
യുക്രെയ്ൻ സഹോദര രാജ്യമെന്നും സമാധാന പാതയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണിതെന്നുമായിരുന്നു പ്രസിഡന്റ് വ്ളാഡിമർ പുടിൻ്റെ പ്രതികരണം. തുടർ ചർച്ചകൾക്കായി മോസ്കോയിലേക്ക് ട്രംപിനെ പുടിൻ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.