മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവ് ജാവേദ് ഷെയ്ഖിന്റെ മകൻ റാഹിൽ ജാവേദ് ഷെയ്ഖ്, മറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ രാജശ്രീ മോറിനോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്ത്. രാജശ്രീയുടെ കാറിലേക്ക് തൻ്റെ വാഹനം ഇടിച്ചു കയറ്റിയ ശേഷമാണ് റാഹിൽ ജാവേദ് ഷെയ്ഖ് മോശം പെരുമാറ്റം നടത്തിയത്. രാജശ്രീയുടെ പരാതിയിൽ അംബോലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മറാത്തി ഭാഷയുടെ പേരിലുള്ള അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഗൗരവമുള്ള ചർച്ചകൾ കൊളുത്തിവിട്ടിരിക്കുകയാണ് രാജശ്രീ മോർ പുറത്തുവിട്ട വീഡിയോ. മഹാരാഷ്ട്രയിലെ പ്രദേശിക സമൂഹത്തെക്കുറിച്ച് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രാജശ്രീ മോർ ഒരു വീഡിയോ പങ്കുവച്ചിരുന്നു. മറാത്തി ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിശിതമായ വിമർശനങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
മഹാരാഷ്ട്രയിൽ താമസിക്കുന്നവരുടെ മേൽ മറാത്തി ഭാഷ അടിച്ചേൽപിക്കുന്നതിനുപകരം, കൂടുതൽ അധ്വാനിക്കാനുള്ള അവസരം ഒരുക്കണമെന്ന് രാജശ്രീ മോർ അഭിപ്രായപ്പെട്ടിരുന്നു. പുറത്തുനിന്ന് വന്ന് മഹാരാഷ്ട്രയിൽ താമസിക്കുന്നവർ അതിക്രമങ്ങൾ കാരണം നഗരം വിട്ടാൽ മറാത്തി സമൂഹത്തിന്റെ അവസ്ഥ കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പും രാജശ്രീ വീഡിയോയിൽ പങ്കുവച്ചു. വീഡിയോയിൽ പങ്കുവച്ച വിമർശനമാണോ മഹാരാഷ്ട്രാ നവ നിർമാൺ സേനാ നേതാവിന്റെ ആക്രമണത്തിന് കാരണമെന്ന സംശയം പലരും ഇതിനോടകം ഉന്നയിച്ചുകഴിഞ്ഞു.
രാജശ്രീയുടെ പ്രസ്താവനകൾക്ക് പിന്നാലെ മഹാരാഷ്ട്ര നവനിർമാൺ സേനാ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഓഷിവാര പൊലീസിൽ രാജശ്രീക്കെതിരെ പരാതി നൽകുകയും ചെയ്തു. വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ രാജശ്രീ പരസ്യക്ഷമാപണത്തിനും തന്റെ വീഡിയോ നീക്കം ചെയ്യുന്നതിനും തയ്യാറായി.
ഇതെല്ലാം കഴിഞ്ഞിട്ടും മഹാരാഷ്ട്രാ നവനിർമാൺ സേനാ നേതാവ് ജാവേദ് ഷെയ്ഖിന്റെ മകൻ റഹീൽ ജാവേദ് നടത്തിയ അതിക്രമം തരം താണതാണെന്ന് പ്രമുഖർക്ക് പ്രതികരിക്കേണ്ടി വന്നിരിക്കുകയാണ്. മറാത്തിയുടെ പേരിലുള്ള ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ശിവസേനാ ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് സഞ്ജയ് നിരുപം പ്രതികരിച്ചു. മദ്യപിക്കുകയും സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുകയും ചെയ്യുന്ന റഹീൽ എങ്ങനെ യഥാർഥ മുസ്ലീമാകുമെന്ന് സഞ്ജയ് നിരുപം തുറന്നടിച്ചു.