Rahul Gandhi and Kharge Wear Batman Masks at Delhi Protest; 'Delhi Isn't Gotham,' Hits Back BJP News Malayalam 24x7
NATIONAL

ബാറ്റ്മാൻ മാസ്ക് ധരിച്ച് രാഹുൽ ഗാന്ധിയും ഖാർഗെയും, ചിത്രം വൈറല്‍; 'ഡൽഹിക്ക് സൂപ്പർഹീറോയെ ആവശ്യമില്ല' പ്രകോപിതരായി ബിജെപി

ബാറ്റ്മാന്‍ മാസ്ക് ധരിച്ചുള്ള ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ബാറ്റ്മാന്‍ മാസ്ക് ചിത്രം വലിയ പ്രതികരണമാണ് ഉണ്ടാക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി ഡൽഹിയിൽ നടത്തിയ വൻ പ്രതിഷേധ മാർച്ചിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബാറ്റ്മാൻ മാസ്ക് ധരിച്ചതിൽ രൂക്ഷ പരിഹാസവുമായി ബിജെപിയും എൻഡിഎയും.ബാറ്റ്മാന്‍ മാസ്ക് ധരിച്ചുള്ള ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ബാറ്റ്മാന്‍ മാസ്ക് ചിത്രം വലിയ പ്രതികരണമാണ് ഉണ്ടാക്കുന്നത്.

വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ'അഥവ എസ്ഐആര്‍ നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാർട്ടികൾ തലസ്ഥാനത്ത് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിൽ പങ്കെടുത്ത ചില യുവാക്കൾ ബാറ്റ്മാൻ മാസ്ക് ധരിച്ചെത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെ, രാഹുൽ ഗാന്ധി ഒരു മാസ്ക് വാങ്ങി ധരിക്കുകയായിരുന്നു. തുടർന്ന് മാർച്ചിൽ പങ്കെടുത്ത ബസിൽ വെച്ച് മല്ലികാർജുൻ ഖാർഗെയെക്കൊണ്ട് രാഹുൽ ഈ മാസ്ക് ധരിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വൻതോതിൽ വൈറലാവുകയും ചെയ്തു.

പ്രതിപക്ഷ നേതാക്കളുടെ ഈ പ്രവൃത്തിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ ഘടകകക്ഷി നേതാവുമായ ജയന്ത് സിംഗ് രംഗത്തെത്തി. "ഡൽഹി കുറ്റകൃത്യങ്ങൾ നിറഞ്ഞ ഡിസി കോമിക്സിലെ സാങ്കൽപ്പിക നഗരമായ ഗോതം സിറ്റിയല്ല, ഇവിടെ ഒരു ഡാർക്ക് സൂപ്പർഹീറോയുടെയോ റോബിന്റെയോ ആവശ്യമില്ല," എന്ന് ജയന്ത് സിംഗ് എക്സിൽ കുറിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ രാഷ്ട്രീയ പ്രതിഷേധത്തെ അപഹാസ്യമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, ബാറ്റ്മാൻ മാസ്ക് വെച്ചുള്ള നാടകങ്ങൾ കൊണ്ട് യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും ബിജെപി നേതാക്കളും കുറ്റപ്പെടുത്തി.

കഴിഞ്ഞ ഓഗസ്റ്റിൽ വിദ്യാർത്ഥികളുമായും യുവാക്കളുമായും നടത്തിയ ഇൻസ്റ്റാഗ്രാം ലൈവ് സെഷനിൽ, "താങ്കൾ ബാറ്റ്മാൻ ആണോ?" എന്ന ചോദ്യത്തിന് "ഞാനും ബാറ്റ്മാനും ഒരേ മുറിയിൽ ഒരുമിച്ച് നിൽക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലെന്ന് മാത്രം കരുതുക" എന്ന് രാഹുൽ തമാശയായി മറുപടി നൽകിയിരുന്നു. സിനിമകളിലും കോമിക്സുകളിലും ബാറ്റ്മാൻ തന്റെ യഥാർത്ഥ വ്യക്തിത്വം രഹസ്യമായാണ് സൂക്ഷിക്കുന്ന രീതിയിലാണ്. അതിനാൽ ബാറ്റ്മാനും ബ്രൂസ് വെയ്നും ഒരിക്കലും ഒരേ സമയം ഒരിടത്ത് പ്രത്യക്ഷപ്പെടാറില്ല. ഇത് സൂചിപ്പിച്ചാണ് രാഹുലിന്‍റെ അന്നത്തെ മറുപടി വന്നത്.

ഇതിന് പിന്നാലെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ രാഹുൽ ഗാന്ധിയെ 'യഥാർത്ഥ ബാറ്റ്മാൻ'എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമരമുഖത്ത് വീണ്ടും ബാറ്റ്മാൻ മാസ്ക് പ്രത്യക്ഷപ്പെട്ടതും വലിയ രാഷ്ട്രീയ വാക്പോരുകൾക്ക് വഴിതുറന്നതും.

SCROLL FOR NEXT