NATIONAL

ഇനി പൊട്ടാനുള്ളത് ഹൈഡ്രജന്‍ ബോംബ്; പൊട്ടിയാല്‍ മോദിക്ക് ജനങ്ങളുടെ മുഖത്ത് നോക്കാനാകില്ല: രാഹുല്‍ ഗാന്ധി

''ഭരണഘടനയെ കൊല്ലാനാണ് ബിജെപി ശ്രമിക്കുന്നത്. ഗാന്ധിയെ കൊന്ന ശക്തികള്‍ ഭരണഘടനയെ നശിപ്പിക്കാന്‍ നോക്കുകയാണ്''

Author : ന്യൂസ് ഡെസ്ക്

വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന ചടങ്ങില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു ഹൈഡ്രജന്‍ ബോംബ് വരാനുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. വോട്ട് കൊള്ള ഒരു ആറ്റം ബോംബായിരുന്നു. ഇനി വരാനുള്ളത് ഒരു ഹൈഡ്രജന്‍ ബോംബാണ്. അത് പൊട്ടിയാല്‍ പ്രധാനമന്ത്രിക്ക് ജനങ്ങളുടെ മുഖത്ത് നോക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന ചടങ്ങിലാണ് രാഹുല്‍ ഗാന്ധി എന്‍ഡിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

ലോക്‌സഭയില്‍ നമ്മള്‍ ജയിച്ചതാണ്. പുതുതായി ചേര്‍ത്ത വോട്ടുകള്‍ എല്ലാം ബിജെപിയിലേക്ക് പോയി. പക്ഷെ നമ്മുടെ വോട്ട് കട്ടെടുത്തു. ബെംഗളൂരു സെന്‍ട്രലില്‍ നടത്തിയ പരിശോധനയില്‍ എങ്ങനെയാണ് ബിജെപി ജയിച്ചത് എന്ന് നമ്മള്‍ കാണിച്ചു കൊടുത്തതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് തെളിവുകള്‍ നിരത്തി. ബീഹാറിലെ യുവാക്കളോട് തനിക്ക് പറയാനുള്ളത്, വോട്ടുകൊള്ളയെന്നാല്‍ അത് ജനാധിപത്യത്തിന്റെ മോഷണമാണ്, തൊഴില്‍ കൊള്ളയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയെ കൊല്ലാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് നമ്മള്‍ സമ്മതിക്കില്ല. ഗാന്ധിയെ കൊന്ന ശക്തികള്‍ ഭരണഘടനയെ നശിപ്പിക്കാന്‍ നോക്കുകയാണ്. ബീഹാറിലെ മുഴുവന്‍ യുവാക്കളും ഇപ്പോള്‍ പറയുന്നത് വോട്ട് ചോരിയെകുറിച്ചാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇനി വരാനുള്ളത് ഹൈഡ്രജന്‍ ബോംബാണെന്നും അത് പൊട്ടിക്കഴിഞ്ഞാല്‍ നരേന്ദ്ര മോദിക്ക് ജനങ്ങള്‍ക്കുമുന്നില്‍ മുഖം കാണിക്കാന്‍ സാധിക്കില്ലെന്നും ബിജെപിക്കാര്‍ ജയിലില്‍ കിടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

SCROLL FOR NEXT