ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി രാജ്യത്തെ വിറ്റുവെന്നും നാല് മാസമായി ചര്‍ച്ച തടസപ്പെട്ടിരുന്ന വ്യാപാര കരാറില്‍ഒരുമാറ്റവും വരുത്താതെ ഒരു രാത്രികൊണ്ട് മോദി എങ്ങനെ ഒപ്പുവച്ചുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
സമ്മര്‍ദത്തിന് വഴങ്ങിയാണ് മോദി കരാറില്‍ ഒപ്പിട്ടത്. എപ്സ്റ്റീന്‍ ഫയല്‍സിലെ പേര് പുറത്തുവന്നതും അദാനിക്കെതിരായ അമേരിക്കയിലെ കേസുമെല്ലാമാണ് സമ്മര്‍ദത്തിന് പിന്നില്‍. കോടികള്‍ മുടക്കി ഉണ്ടാക്കിയ പ്രതിച്ഛായ സംരക്ഷിക്കാന്‍ വേണ്ടിയാണിത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ കര്‍ഷകരുടെ സ്വപ്‌നങ്ങളാണ് മോദി ട്രംപിന് മുന്നില്‍ അടിയറവ് വച്ചിരിക്കുന്നത്. കരാറിലെ നിബന്ധനകള്‍ രാജ്യത്തെ കര്‍ഷകര്‍ക്കും സാമ്പത്തിക സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നു. സാധാരണക്കാരന്റെ ചോരയും നീരുമാണ് മോദി വിറ്റത്. ഇതിലൂടെ രാജ്യത്തെ തന്നെയാണ് വിറ്റിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ചൈനയെക്കുറിച്ചുള്ള തന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കരാറിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ലോക്‌സഭയില്‍ എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിംഗ് ഔജ്ല, കിരണ്‍ കുമാര്‍ റെഡ്ഡി, പ്രശാന്ത് പഡോള്‍, എസ്. വെങ്കിടേശന്‍ (മധുരയില്‍ നിന്നുള്ള സിപിഐഎം എംപി) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് വ്യാപാര കരാറില്‍ ഒപ്പുവച്ചതായി ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് സമ്മതിച്ചുവെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറക്കുമെന്നും ട്രംപ് വ്യക്തമാക്കി
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് നരേന്ദ്ര മോദി സമ്മതിച്ചതായും പോസ്റ്റില്‍ പറയുന്നുണ്ട്. യുഎസില്‍ നിന്ന് വെനസ്വേലയുടെ എണ്ണ വാങ്ങുമെന്ന് മോദി അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുന്നതോടെ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനാകുമെന്നും ട്രംപ് അവകാശപ്പെട്ടു.
പിന്നാലെ കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. പ്രിയ സുഹൃത്ത് ട്രംപുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നാണ് നരേന്ദ്ര മോദി എക്സിലൂടെ പറഞ്ഞത്. രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മോദി വ്യക്തമാക്കി.
നികുതി ഇളവ് നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി അറിയിച്ചു. മോദിയും ട്രംപും ഫോണില്‍ സംസാരിച്ചുവെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സര്‍ജിയോ ഗോര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇരു നേതാക്കളും വ്യാപാര കരാറിനെ കുറിച്ച് അറിയിച്ചത്. വ്യാപാര കരാറിനെ കുറിച്ചാണ് നേതാക്കള്‍ സംസാരിച്ചതെന്ന് സൂചനയുണ്ടായിരുന്നു.