

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഗുണകരമാകുന്ന ഡീല്‍ ആണെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. മാസങ്ങളായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ ലഭ്യമായതെന്നും ഏറ്റവും മികച്ച കരാര്‍ ആണിതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
കരാറിനെ കുറിച്ച് പാര്‍ലമെന്റില്‍ പറയണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പ്രതിപക്ഷം അനുവദിച്ചില്ല. വലിയ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ കരാര്‍ സാധ്യമാക്കിയപ്പോള്‍ പ്രതിപക്ഷം മോദിയെ വിമര്‍ശിക്കുകയാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
സീഫുഡ് കയറ്റുമതിക്കും ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിനും കരാര്‍ ഏറെ പ്രയോജനകരമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ വിജയമാണ് ഈ കരാറിലൂടെ നേടിയത്. ഏഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്ക് ഒന്നും ഇത്ര നല്ല ഡീല്‍ ലഭിച്ചിട്ടില്ല. പാല്‍ ഉത്പാദകര്‍ക്കും കൃഷിക്കും പരിരക്ഷ ഉറപ്പാക്കായിട്ടുണ്ട്. എന്‍ജിനീയറിങ് മേഖലയ്ക്ക് ഗുണം ചെയ്യും. തുകല്‍ വ്യവസായ രംഗത്തിനും ഗുണകരമാണ്. കരാര്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ജീവിത മാര്‍ഗം ലഭ്യമാകാന്‍ കരാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണ്. ഇവരെ പോലുള്ള നേതാക്കള്‍ അപവാദം പറഞ്ഞു പരത്തുന്നു. രാഹുല്‍ ഗാന്ധിയുടെ നെഗറ്റീവ് ചിന്ത മറ്റ് പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുക്കരുത്. അദ്ദേഹം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു. രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ ഭാവിക്കും വികസനത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. യുപിഎ കാലത്ത് രാജ്യം സാമ്പത്തികമായി തകര്‍ത്തുവെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
യുഎസ് ആണ് ഇന്ത്യക്കെതിരെ അധിക താരിഫ് പ്രഖ്യാപിച്ചത്. അവര്‍ തന്നെയല്ലേ ചുങ്കം കുറച്ച് പ്രഖ്യാപിക്കേണ്ടതെന്നും ഗോയല്‍ ചോദിച്ചു. ഇന്ത്യക്ക് ലഭിച്ചത് നല്ല വ്യാപാര കരാര്‍ ആണെന്നും അങ്ങനെ ഒരു കരാര്‍ തന്നതിന് ട്രംപിന് നന്ദിയെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വ്യാപാര കരാറില്‍ ഒപ്പുവച്ചതായി ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് സമ്മതിച്ചുവെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറക്കുമെന്നും ട്രംപ് വ്യക്തമാക്കി
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് നരേന്ദ്ര മോദി സമ്മതിച്ചതായും പോസ്റ്റില്‍ പറയുന്നുണ്ട്. യുഎസില്‍ നിന്ന് വെനസ്വേലയുടെ എണ്ണ വാങ്ങുമെന്ന് മോദി അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുന്നതോടെ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനാകുമെന്നും ട്രംപ് അവകാശപ്പെട്ടു.
പിന്നാലെ കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. പ്രിയ സുഹൃത്ത് ട്രംപുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നാണ് നരേന്ദ്ര മോദി എക്സിലൂടെ പറഞ്ഞത്. രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മോദി വ്യക്തമാക്കി.
നികുതി ഇളവ് നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി അറിയിച്ചു. മോദിയും ട്രംപും ഫോണില്‍ സംസാരിച്ചുവെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സര്‍ജിയോ ഗോര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇരു നേതാക്കളും വ്യാപാര കരാറിനെ കുറിച്ച് അറിയിച്ചത്. വ്യാപാര കരാറിനെ കുറിച്ചാണ് നേതാക്കള്‍ സംസാരിച്ചതെന്ന് സൂചനയുണ്ടായിരുന്നു.