NATIONAL

"850 സീറ്റുകൾക്ക് പിന്നിൽ ജനാധിപത്യം അട്ടിമറിക്കാനുള്ള ഗൂഢനീക്കം, ബിജെപിക്ക് നൽകുന്ന ബ്ലാങ്ക് ചെക്ക്"; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഡൽഹിയിലെ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിച്ച് സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് കേവലം മണ്ഡല പുനർനിർണയമല്ലെന്നും ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും അടിത്തറ തകർക്കാൻ ബിജെപിക്ക് നൽകുന്ന ബ്ലാങ്ക് ചെക്ക് ആണെന്നും രാഹുൽ ആരോപിച്ചു. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത്.

വോട്ട് കൊള്ള ആരോപണങ്ങളിൽ പ്രതിരോധത്തിലായ ബിജെപി, അധികാരം നിലനിർത്താനുള്ള പുതിയ തന്ത്രമായാണ് മണ്ഡല പുനർനിർണയത്തെ ഉപയോഗിക്കുന്നതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. "നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 850 ആക്കുന്നതിലൂടെ രാജ്യത്തെ മണ്ഡലങ്ങളുടെ ഭൂപടം തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മാറ്റിവരയ്ക്കാനാണ് ബിജെപിയുടെ ശ്രമിക്കുന്നത്. ജമ്മു കശ്മീരിലും അസമിലും പരീക്ഷിച്ച രീതിയിൽ വോട്ടർമാരെ മാറ്റിനിർത്തിയും മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചും പ്രതിപക്ഷത്തെയും ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെയും ദുർബലപ്പെടുത്താനാണ് നീക്കം. വനിതാ സംവരണ ബിൽ നടപ്പാക്കാൻ മണ്ഡല പുനർനിർണയം ആവശ്യമില്ലെന്നും നിലവിലെ 543 സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പാക്കാൻ കഴിയും," രാഹുൽ ചൂണ്ടിക്കാട്ടി.

മണ്ഡല പുനർനിർണയ കമ്മീഷന്‍റെ ഘടനയേയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സ്വാധീനം ചെലുത്താൻ കഴിയുന്ന രീതിയിലാണ് കമ്മീഷൻ രൂപീകരിക്കാനുള്ള നീക്കമെന്നാണ് ആരോപണം. കമ്മീഷൻ്റെ സ്വതന്ത്ര സ്വഭാവം തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തിയാൽ സാമൂഹിക നീതിയും എസ്‌.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവും ദീർഘകാലത്തേക്ക് ബാധിക്കപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. 2027ലെ സെൻസസും ജാതി സെൻസസും അടിസ്ഥാനമാക്കിയുള്ള നടപടിയാണ് വേണ്ടതെന്നും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പ്രാതിനിധ്യമുള്ള ദ്വികക്ഷി കമ്മീഷൻ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 14 കോടി അനധികൃത വോട്ടർമാർ വോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കിയെന്ന ഗുരുതര ആരോപണവും രാഹുൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. എന്നാൽ ഈ അവകാശവാദത്തിന് അദ്ദേഹം ഉന്നയിച്ച കണക്കുകളുടെ കൃത്യതയും പശ്ചാത്തലവും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. എൻഡിഎ സഖ്യകക്ഷികളായ ചന്ദ്രബാബു നായിഡുവും ജഗൻ മോഹൻ റെഡ്ഡിയും ഉൾപ്പെടെയുള്ളവർ ജനാധിപത്യം സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്നും രാഹുൽ ആഹ്വാനം ചെയ്തു. യുവാക്കളും ജെൻ സി തലമുറയും ഭരണഘടനയുടെ സംരക്ഷണത്തിനായി ഭയമില്ലാതെ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയം രാജ്യത്തിൻ്റെ രാഷ്ട്രീയ ഭാവിയെ തന്നെ മാറ്റിമറിക്കുമെന്ന മുന്നറിയിപ്പിലൂടെ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ പോരാട്ടം കൂടുതൽ ശക്തമാക്കുകയാണ് രാഹുൽ ഗാന്ധി.

SCROLL FOR NEXT