വോട്ട് വെട്ടലിൽ തെളിവുകളുമായി രാഹുൽ ഗാന്ധി Source; News Malayalam 24X7
NATIONAL

"വോട്ട് വെട്ടാന്‍ കേന്ദ്രീകൃത സംവിധാനം; വ്യാജ ലോഗിൻ, ഒടിപി, സഹായി തെരഞ്ഞെടുപ്പ് കമ്മീഷന്‍"; തട്ടിപ്പ് വിശദീകരിച്ച് രാഹുല്‍ ഗാന്ധി

വ്യാജ ലോഗിൻ, ഒടിപി, എന്നിവ ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ നിന്ന് വോട്ടുകൾ നീക്കം ചെയ്തിരിക്കുന്നത്. ഒരേ നമ്പർ ഉപയോഗിച്ച് 12 പേരുടെ വോട്ടുകൾ തന്നെ മാറ്റിയതിന് തെളിവുകളുണ്ട്.

Author : ന്യൂസ് ഡെസ്ക്

വോട്ട് ക്രമക്കേടിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ തെളിവുകൾ നിരത്തി ആഞ്ഞടിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിലവിലെ തെളിവുകളനുസരിച്ച് കർണാടകയിലെ അലന്ദ മണ്ഡലത്തിൽ മാത്രം 6018 വോട്ടുകളാണ് വെട്ടിമാറ്റിയത്. മഹാരാഷ്ട്ര, ഹരിയാന യുപി എന്നിവിടങ്ങളിലും സമാന രീതിയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദശലക്ഷക്കണക്കിന് സാധാരക്കാരുടെ വോട്ടുകളാണ് വെട്ടിനീക്കിയത്. പ്രതിപക്ഷ പാർട്ടികളേയും ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചാണ് ക്രമക്കേട് നടന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രീകൃത സംവിധാനം തന്നെ ക്രമക്കേടിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് വോട്ടുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നത്.

വ്യാജ ലോഗിൻ, ഒടിപി, എന്നിവ ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ നിന്ന് വോട്ടുകൾ നീക്കം ചെയ്തിരിക്കുന്നത്. ഒരേ നമ്പർ ഉപയോഗിച്ച് 12 പേരുടെ വോട്ടുകൾ തന്നെ മാറ്റിയതിന് തെളിവുകളുണ്ട്. വോട്ട് വെട്ടിയതിനു പുറമെ നിരവധി വ്യാജ വോട്ടുകൾ ചേർക്കുകയും ചെയ്തിരിക്കുന്നു.

ക്രമക്കേട് മുഖ്യ തെര. കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ അറിവോടെയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ആരാണ് തിരിമറി നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അറിയാം. അവരുടെ സംരക്ഷണയിലാണ് ക്രമക്കേട് നടക്കുന്നത്. വോട്ട് വെട്ടലുമായി ബന്ധപ്പെട്ട് സിഐഡി അന്വേഷണം ആരംഭിക്കുകയും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു.

2023 ഫെബ്രുവരിയിലാണ് സിഐഡി കേസ് രജിസ്റ്റർ ചെയ്തത്. 2023 മാർച്ചിൽ തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണ സംഘം കത്ത് നൽകി. 2023 ഓഗസ്റ്റിൽ കുറച്ച് വിവരങ്ങൾ മാത്രം തെരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറി. 2024 ജനുവരിയിൽ മുഴുവൻ വിവരങ്ങൾ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 2025 സെപ്റ്റംബർ വരെയും CID സംഘം കത്ത് നൽകിയെങ്കിലും പൂർണ വിവരങ്ങൾ ഇനിയും കൈമാറിയിട്ടില്ല.

SCROLL FOR NEXT