പാറ്റ്ന: രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനം പേരുടെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ സൈന്യമെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപണത്തിന് മറുപടി നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സായുധ സേനയിൽ സംവരണം ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിഹാറിലെ ജാമുയി ജില്ലയിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രാഹുൽ ഗാന്ധിക്ക് ഇതെന്ത് പറ്റി? പ്രതിരോധ സേനയിലെ സംവരണ വിഷയം അദ്ദേഹം ഉന്നയിക്കുകയാണ്. പ്രതിരോധ സേനയിൽ സംവരണം ആവശ്യപ്പെട്ടു കൊണ്ട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. നമ്മുടെ സേന ഇതിനെല്ലാം മുകളിലാണ്. രാജ്യം ഭരിക്കുന്നത് കുട്ടികൾക്കുള്ള കളിയല്ല എന്ന് രാഹുൽ അറിയണം," പ്രതിരോധ മന്ത്രി വിമർശിച്ചു.
സൂക്ഷിച്ച് നോക്കിയാല്‍ രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും ദളിത്, മഹാദളിത്, പിന്നാക്ക, അതി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് കാണാന്‍ കഴിയുമെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. "90 ശതമാനം ജനങ്ങളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരും ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടിക എടുത്താല്‍ അതില്‍ പിന്നാക്ക, ദളിത് വിഭാഗങ്ങളില്‍ നിന്നുളള ഒരാളെയും നിങ്ങള്‍ക്ക് കണ്ടെത്താനാകില്ല. അവരെല്ലാം ആ 10 ശതമാനം പേരില്‍ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവര്‍ക്കാണ് ലഭിക്കുന്നത്. സായുധ സേനയുടെ മേലും അവര്‍ക്കാണ് നിയന്ത്രണം," രാഹുല്‍ പറഞ്ഞു.
"ബാക്കിയുള്ള 90 ശതമാനം ജനങ്ങളും എവിടെയും പ്രതിനിധീകരിക്കപ്പെടുന്നില്ല. രാജ്യത്തെ ജനസംഖ്യയുടെ ആ 90 ശതമാനം ജനങ്ങള്‍ക്കും അന്തസ്സോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടത്. കോണ്‍ഗ്രസ് എന്നും പിന്നാക്കക്കാര്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ട്," രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, 'വോട്ട് കൊള്ള' വഴി ബിഹാറിൽ സർക്കാർ രൂപീകരിക്കാനാണ് എൻഡിഎയുടെ ശ്രമമെന്നും, എസ്‌ഐആർ വഴി സ്ത്രീകൾ ഉൾപ്പെടെ 65 ലക്ഷം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഇല്ലാതാക്കിയെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു.