

ഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ബിജെപി സർക്കാർ നടത്തുന്ന വോട്ട് കൊള്ളയെ കുറിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി. ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പുറത്തുവിട്ടത്.
"ഹരിയാന തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു. 25 ലക്ഷം വോട്ടുകളാണ് ബിജെപി മോഷ്ടിച്ചത്. അതാണ് കോൺഗ്രസിന് ഭരണം നഷ്ടമാക്കിയത്. 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടേഴ്‌സ് ഹരിയാനയിൽ ഉണ്ടായിരുന്നു. ഹരിയാനയിലെ റായ് മണ്ഡലത്തിൽ ബ്രസീൽ മോഡലിൻ്റെ ചിത്രമുള്ള വോട്ടർക്ക് 10 ബൂത്തിൽ 22 വോട്ട് ഉണ്ടായിരുന്നു. ഉദാഹരണമായി ഒരു ബ്രസീലിയൻ മോഡലിൻ്റെ ചിത്രവും രാഹുൽ മാധ്യമങ്ങളെ കാണിച്ചു. ഈ ചിത്രം ഉപയോഗിച്ച് സീമ, സ്വീറ്റി, സരസ്വതി തുടങ്ങിയ പേരുകളിലാണ് ബിജെപി വോട്ട് കൊള്ള നടത്തിയത്," രാഹുൽ തെളിവുകൾ നിരത്തി.
"ഹരിയാനയിൽ എല്ലാ ഏജൻസികളും പ്രവചിച്ചത് ഇൻഡ്യ സഖ്യത്തിൻ്റെ വിജയമായിരുന്നു. ഫലം വരുന്നതിന് തൊട്ട് മുൻപ് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി പറഞ്ഞത് ഞങ്ങൾ സർക്കാർ ഉണ്ടാക്കുമെന്നും അതിനുള്ള വ്യവസ്ഥ ഉണ്ടെന്നുമാണ്. 25 ലക്ഷം വോട്ടുകളാണ് ബിജെപി മോഷ്ടിച്ചത്. അതാണ് കോൺഗ്രസിന് ഭരണം നഷ്ടമാക്കിയത്," രാഹുൽ ഗാന്ധി പറഞ്ഞു.
ആകെ രണ്ട് കോടി വോട്ടർമാരുള്ള ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. ഇതിനർത്ഥം ഹരിയാനയിലെ എട്ട് വോട്ടർമാരിൽ ഒരാൾ വ്യാജനാണ്. അതായത് സംസ്ഥാനത്തെ ആകെ വോട്ടുകളുടെ 12.5 ശതമാനം വരുമിത്. ഒരു സ്ത്രീക്ക് 100 വോട്ടുകൾ ഉണ്ടായിരുന്നു. നടന്നത് കോണ്‍ഗ്രസിന്‍റെ വിജയം പരാജയമാക്കി മാറ്റിയ അട്ടിമറിയാണ്. 'ഓപ്പറേഷന്‍ സർക്കാർ ചോരി'യാണ് നടന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
1,24,177 വ്യാജ ചിത്രങ്ങൾ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നു. തെരഞ്ഞെടുകപ്പ് കമ്മീഷൻ സിസിടിവി ചിത്രങ്ങൾ നൽകാത്തത് ഇത്തരം ക്രമക്കേടുകൾ മറയ്ക്കാനാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ബിജെപിയുടെ മുഖ്യമന്ത്രി കള്ളത്തരത്തിലൂടെ ആണ് അധികാരത്തിൽ വന്നത്
"ആയിരക്കണക്കിന് വോട്ടർമാർക്ക് യുപിയിലും ഹരിയാനയിലും ഒരേസമയം വോട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് കാണാത്തതാണോ? ബിജെപി നേതാക്കൾക്ക് അടക്കം ഹരിയാനയിലും യുപിയിലും വോട്ടുണ്ട്. യുപി മന്ത്രി ലക്ഷ്മി നാരായൺ, മകൻ എന്നിവർക്ക് രണ്ട് സംസ്ഥാനത്തും വോട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് നിമിഷ നേരം കൊണ്ട് വ്യാജന്മാരെ മാറ്റാനാകും. എന്നാൽ അതിനുള്ള സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ അടക്കം ഇതാണ് നടന്നത്. ഹരിയാനയിലെ വോട്ടർ പട്ടികയിൽ നിന്ന് 3.5 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിട്ടുമുണ്ട്. ബിഹാറിലും ഇതാവർത്തിക്കും. ഫലം വന്ന ശേഷം ഞങ്ങൾ പുറത്ത് വിടും," രാഹുൽ ഗാന്ധി പറഞ്ഞു.
മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ചേർന്ന് രാജ്യത്തിൻ്റെ ജനാധിപത്യത്തിന് നേരെ തട്ടിപ്പ് നടത്തുകയാണ്. ഇന്ത്യയുടെ ജനാധിപത്യം നശിപ്പിക്കപ്പെട്ടു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന് വാക്കുകൾ വലിയ കളവാണെന്ന് തെളിയിക്കപ്പെട്ടു. രാജ്യത്തെ യുവാക്കൾ ഇക്കാര്യം മനസിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.