ന്യൂഡല്‍ഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തിരിച്ചടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഭാരതീയ ജനതാ പാർട്ടിയുമായി ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചുവെന്ന രാഹുലിന്റെ ആരോപണങ്ങളെ "പഴയ കുപ്പിയിലെ പുതിയ വീഞ്ഞ്" എന്നാണ് കമ്മീഷന്‍ വിശേഷിപ്പിച്ചത്. ഫാക്ട് ചെക്കിങ് എന്ന തരത്തില്‍ രാഹുലിന്റെ ആരോപണങ്ങളെ തള്ളിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാമർശം.
2018ൽ കോൺഗ്രസ് 'സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു' എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് സംസ്ഥാന വോട്ടർ പട്ടികയിലെ തെറ്റുകൾ സംബന്ധിച്ച് നൽകിയ ഹർജി പരാമർശിച്ചുകൊണ്ടായിരുന്നു ആരോപണം. വോട്ടർ പട്ടികയില്‍ 36 ഇരട്ട വോട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമല്‍നാഥ് കോടതിയെ സമീപിച്ചത്. തിരയാന്‍ സാധിക്കുന്ന ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തെറ്റ് പരിഹരിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനെ തുടർന്ന് കോടതി ഹർജി നിരസിക്കുകയായിരുന്നു.
"ഇപ്പോൾ, 2025ൽ, കോടതിയിൽ ഇതേ തന്ത്രം പ്രയോഗിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്ന അവർ (കോൺഗ്രസ്), വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ആരോപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്....," തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏക്സ് പോസ്റ്റില്‍ പറയുന്നു. മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആദിത്യ ശ്രീവാസ്തവ എന്ന വോട്ടറുടെ ഉദാഹരണവും പോള്‍ പാനല്‍ ഉദ്ധരിച്ചു. ഇത് മാസങ്ങള്‍ക്ക് മുന്‍പ് തിരുത്തിയിരുന്നു എന്നാണ് കമ്മീഷന്റെ വിശദീകരണം.
നിരന്തരമായി ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റ് ആവശ്യപ്പെടുന്ന രാഹുലിനെ കമല്‍നാഥ് കേസിലെ വിധി വെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടത്. ഒരേ വിഷയം വീണ്ടും വീണ്ടും ഉന്നയിക്കുന്നതിലൂടെ രാഹുലിന് സുപ്രീം കോടതിയോട് ബഹുമാനമില്ലെന്നാണ് വെളിവാകുന്നതെന്ന് ഇസി പറഞ്ഞു.
വോട്ടർ പട്ടികയുടെ കരട് പിഡിഎഫ് പ്രസിദ്ധീകരിക്കാന്‍ ഇസി ബാധ്യസ്ഥരാണെന്നായിരുന്നു 2018ലെ സുപ്രീം കോടതി വിധി. എന്നാ ഇത് സെർച്ചബിള്‍ ആയ ഡിജിറ്റല്‍ ഫോർമാറ്റില്‍ ആയിരിക്കണമെന്ന് നിയമം ആനുശാസിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയുടെ ഫോർമാറ്റ് തീരുമാനിക്കാനുള്ള അവകാശം പോൾ പാനലിനാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പട്ടികയിലെ സാധ്യമായ പിശകുകൾ ചൂണ്ടിക്കാണിക്കുന്നതിനും അപ്പീലുകൾ സമർപ്പിക്കുന്നതിനും പ്രത്യേക നടപടിക്രമമുണ്ട്. രാഹുല്‍ ഗാന്ധി ഇതുവരെ ഒപ്പിട്ട് ഒരു പരാതി നല്‍കിയിട്ടില്ല. മാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ച് വിഷയം പ്രശ്നവല്‍ക്കരിക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു. തന്റെ ആരോപണങ്ങളില്‍ വിശ്വസിക്കുന്നെങ്കില്‍ നിയമത്തെ ബഹുമാനിച്ച് ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമർപ്പിക്കുകയോ അല്ലെങ്കില്‍ രാജ്യത്തോട് ക്ഷമ ചോദിക്കുകയും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവർത്തിച്ചു.