ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര. ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി ബിഹാറിൽ സംസാരിച്ചു. ഇനി ഒരു സംസ്ഥാനത്തും വോട്ട് ചോരി അനുവദിക്കില്ലെന്നും ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
താൻ പത്രസമ്മേളനം നടത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ചോദിച്ചു. ബിജെപി പത്രസമ്മേളനം നടത്തിയപ്പോൾ ഒന്നും ചോദിച്ചില്ല. തെരഞ്ഞടുപ്പ് കമ്മീഷൻ്റെ ഇരട്ടത്താപ്പ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വോട്ട് കൊള്ളയ്ക്ക് അറുതി വരുത്തുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഇന്ന് വോട്ട് വെട്ടിയവർ നാളെ റേഷൻ വെട്ടും. ജനരോഷം മോദിക്ക് താങ്ങാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ടാഴ്ച കൊണ്ട് ബീഹാറിലെ 30 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ മേഖകളിലൂടെ വോട്ട് അധികാര്‍ യാത്ര കടന്നുപോകും. അറയില്‍ ഈ മാസം 30ാം തിയതിയാണ് യാത്ര സമാപിക്കുക. സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അധികാർ റാലിയിൽ പങ്കെടുക്കും.