കൊല്‍ക്കത്ത: മെട്രോ പ്രൊജക്ടുകളുടെ ഉദ്ഘാടന ചടങ്ങിലേക്ക് പശ്ചിമാ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയെ ക്ഷണിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓഗസ്റ്റ് 22ന് നടക്കുന്ന മൂന്ന് മെട്രോ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലേക്കാണ് മമതയെ കേന്ദ്ര മന്ത്രി സ്വാഗതം ചെയ്തത്.
"ജെസ്സോർ റോഡ് മെട്രോ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു," ഓഗസ്റ്റ് 14ന് അയച്ച കത്തിൽ വൈഷ്ണവ് പറഞ്ഞു. എന്നാല്‍ പരിപാടിയിൽ പങ്കെടുക്കുമോ എന്ന് മുഖ്യമന്ത്രിയോ സംസ്ഥാന സർക്കാരോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഗ്രീൻ ലൈനിലെ സീൽദ-എസ്പ്ലനേഡ് സെക്ഷൻ, ഓറഞ്ച് ലൈനിലെ ഹേമന്ത മുഖോപാധ്യായ (റൂബി ക്രോസിംഗ്)-ബെലെഘട്ട സെക്ഷൻ, യെല്ലോ ലൈനിലെ നോപാര-ജയ് ഹിന്ദ് ബിമൻബന്ദർ (വിമാനത്താവളം) സെക്ഷൻ എന്നീ മെട്രോ ലൈന്‍ പ്രൊജക്ടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുന്നത്.
അതേസമയം, അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഇപ്പോള്‍ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍, തൃണമൂലിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ സംസ്ഥാന ബിജെപി പദ്ധതികള്‍ പൂർത്തിയാക്കുന്നതില്‍ സംഭവിച്ച കാലതാമസത്തില്‍ സർക്കാരിനെ വിമർശിച്ചു.
ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങളും സംസ്ഥാന സർക്കാരിന്റെ സഹകരണക്കുറവും കാരണം ഈസ്റ്റ്-വെസ്റ്റ് മെട്രോ (ഗ്രീൻ ലൈൻ) ഉൾപ്പെടെ ബംഗാളിലെ 43 റെയിൽവേ പദ്ധതികൾ വൈകിയതായി സംസ്ഥാന ബിജെപി പ്രസിഡന്റ് സമിക് ഭട്ടാചാര്യ പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം "ആഗ്രഹിക്കുന്നതായും" ഭട്ടാചാര്യ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ എന്നാണ് ഹൗറ മൈതാനിനെ സാൾട്ട് ലേക്ക് സെക്ടർ 5 മായി ബന്ധിപ്പിക്കുന്ന ഗ്രീൻ ലൈനിനെ വിശേഷിപ്പിക്കുന്നത്.