
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ 'വോട്ട് കൊള്ള' ആരോപണങ്ങള്‍ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുലിന്റെ മണ്ഡലം തിരിച്ചുള്ള ആരോപണങ്ങൾക്ക് പൊതുവായി മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മറുപടി നല്‍കിയത്. കേരളത്തിലടക്കം ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും അവയില്‍ അന്വേഷണമുണ്ടാകില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സത്യവാങ്മൂലമോ തെളിവോ ഇല്ലാതെ, ഒരു പിപിടി അടിസ്ഥാനമാക്കി അന്വേഷണം ആരംഭിക്കാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ആരോപണങ്ങളിൽ ഏഴ് ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ, ആരോപണങ്ങൾ തള്ളിക്കളയുമെന്നും സിഇസി വ്യക്തമാക്കി.
'വോട്ട് കൊള്ള' പോലുള്ള വ്യാജ ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഭയപ്പെടുന്നില്ല. 'വോട്ട് ചോരി' എന്നത് സത്യമല്ല. അതിന് തെളിവുകളില്ല. ആരോപണം ഭരണഘടനയ്ക്ക് അപകടമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ വോട്ടർമാർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സിഇസി ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലാ വിഭാഗങ്ങളോടും ഒരേ സമീപനമാണുള്ളതെന്നും ഒരു വിഭാഗത്തെയും ഒഴിവാക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേർത്തു.
വോട്ടർമാരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കണോ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചോദിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച 'വോട്ട് കൊള്ള' ആരോപണങ്ങളെ പരാമർശിച്ചായിരുന്നു ചോദ്യം. 45 ദിവസത്തിനകം പരാതി ഉന്നയിക്കാതെ 'വോട്ട് കൊള്ള' ആരോപണത്തിലൂടെ ഇന്ത്യന്‍ ഭരണഘടനയെ അപമാനിച്ചിരിക്കുകയാണെന്നും ഗ്യാനേഷ് കുമാർ ആരോപിച്ചു.
മെഷീൻ റീഡബിൾ വോട്ടർ പട്ടികകൾ പങ്കുവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇത് വോട്ടർമാരുടെ സ്വകാര്യതയെ ലംഘിക്കുമെന്ന് സുപ്രീം കോടതി 2019 ൽ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഗ്യാനേഷ് കുമാർ ചൂണ്ടിക്കാട്ടി. എല്ലാ മണ്ഡലങ്ങൾക്കും ബൂത്ത് ലെവൽ ഓഫീസർമാർ ഉണ്ടെന്നും പരാതി ഉണ്ടെങ്കിൽ അവരെ സമീപിക്കാം എന്നും തെരഞ്ഞെടുപ്പ് കമ്മീഷർ പറഞ്ഞു. അത് കേട്ടതിന് ശേഷമേ പ്രക്രിയ പൂർത്തിയാകൂ എന്ന് ഗ്യാനേഷ് കുമാർ ഉറപ്പിച്ചു പറഞ്ഞു. ഓരോ പട്ടികയും രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. ഡിഎംകെയുടെ പരാതി വന്നിരുന്നുവെന്നും അത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുമെന്നും സിഇസി അറിയിച്ചു.
വോട്ടർ പട്ടികയിൽ വീടിന്റെ നമ്പർ 'പൂജ്യം' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കി. ചില കുടുംബങ്ങൾക്ക് അവരുടെ മുനിസിപ്പാലിറ്റിയോ പഞ്ചായത്ത് ഉദ്യോഗസ്ഥരോ വീട്ടു നമ്പർ അനുവദിച്ചിട്ടില്ല. അത്തരം വോട്ടർമാരോട് 'പൂജ്യം' എന്ന് വീട്ട് നമ്പർ പൂരിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് സിഇസി അറിയിച്ചു.
രാഷ്ട്രീയ ആരോപണങ്ങളുടെ പേരിൽ വോട്ടർമാർ ടാർഗെറ്റ് ചെയ്യപ്പെടുന്നു എന്ന് ഗ്യാനേഷ് കുമാർ ആരോപിച്ചു. അനുമതിയില്ലാതെ പട്ടികയിലെ വോട്ടർമാരുടെ ഫോട്ടോകൾ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിച്ചു. തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ നീക്കത്തിന്റെ ഉദ്ദേശ്യമെന്തെന്ന് ജനത്തിന് അറിയാം.
ബിഹാർ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തില്‍ എല്ലാ പാർട്ടികളെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എസ്ഐആര്‍ ആരംഭിച്ചത് സുതാര്യത ഉറപ്പാക്കാനാണ്. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം നിയമപ്രകാരമാണ്. അത് മാറ്റങ്ങളുടെ തുടക്കമാണ്. മതിയായ രേഖകൾ ഇല്ലാത്തവർ പട്ടികയിൽ ഉണ്ടായിരുന്നു. അവരെ ഒഴിവാക്കി. പരിശോധനകൾ വിശദമായി നടത്തിയ ശേഷമാണ് പല പേരുകളും പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പരാതിക്കാർക്ക് സമീപിക്കാന്‍ ഇനിയും 15 ദിവസം കൂടിയുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക ശുദ്ധീകരിക്കണം. സുതാര്യമായാണ് നടപടികൾ പൂർത്തിയാക്കുന്നതെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
ബംഗാളിൽ എസ്‌ഐആർ ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പട്ടിക പരിഷ്‌കരണം സുതാര്യതയുടെ ഭാഗമെന്നായിരുന്നു കമ്മീഷന്റെ മറുപടി. പശ്ചിമ ബംഗാളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും എസ്‌ഐആറിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് സിഇസി അറിയിച്ചു.