ഡൽഹി: കൈക്കൂലി കേസിൽ പിടിച്ചെടുത്ത തുക എലി തിന്നുവെന്ന് പൊലീസ്. കൈക്കൂലിയായി പിടിച്ചെടുത്ത 10000 രൂപ എലി തിന്നു എന്നാണ് ബിഹാർ പൊലീസ് സുപ്രീം കോടതിയെ അറിയിച്ചത്. അരുണ കുമാരിക്കെതിരെ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിലെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു പൊലീസിൻ്റെ വാദം.
ശിശു വികസന പരിപാടി ഓഫീസറായി സേവനമനുഷ്ഠിച്ച കുമാരി 10,000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
വിചാരണ കോടതി ഇവരെ വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ഇവരെ നാല് വർഷത്തെ കഠിന തടവിന് വിധിക്കുകയായിരുന്നു. ആ വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി സുപ്രീം കോടതി പരിഗണിക്കവേ ആണ് പൊലീസിൻ്റെ വിചിത്ര വാദം.
പൊലീസിൻ്റെ പരാമർശത്തിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. നോട്ടുകൾ നശിപ്പിച്ചതിന് നൽകിയ വിശദീകരണം വിശ്വസനീയമായി തോന്നുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അരുണ കുമാരിക്ക് ജാമ്യം അനുവദിക്കുകയും വിശദമായ വാദം കേൾക്കുന്നത് വരെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.