ആർസിബി വിജയാഘോഷത്തിലെ തിക്കും തിരക്കും Source: X
NATIONAL

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ആർ‌സി‌ബി

ആർ‌സി‌ബിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് വി. മേനോനും, റോയൽ ചലഞ്ചേഴ്‌സ് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഹർജി നൽകിയത്

Author : ന്യൂസ് ഡെസ്ക്

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കർണാടക ഹൈക്കോടതിയെ സമീപിച്ചു. ആർ‌സി‌ബിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് വി. മേനോനും, റോയൽ ചലഞ്ചേഴ്‌സ് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഹർജി നൽകിയത്. പരിപാടിയുടെ സംഘാടകരായ ഡിഎൻഎ എന്റർടൈൻമെന്റ് നെറ്റ്‌വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡും എഫ്‌ഐആറിനെ ചോദ്യം ചെയ്ത് പ്രത്യേക ഹർജി സമർപ്പിച്ചിട്ടുണ്ട്.

പരിമിതമായ പാസുകൾ മാത്രമേ ലഭ്യമാകൂ എന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. സൗജന്യ പാസുകൾക്ക് പോലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നെന്നും ആർ‌സി‌എസ്‌എൽ ഹർജിയിൽ പറയുന്നു. കേസിൽ തങ്ങളെ തെറ്റായി ഉൾപ്പെടുത്തിയതാണെന്നും ഹർജിയിൽ പറയുന്നു.

ഉച്ചയ്ക്ക് 1.45 ന് തുറക്കേണ്ടിയിരുന്ന സ്റ്റേഡിയത്തിലെ ഗേറ്റുകൾ തുറന്നത് 3 മണിക്കാണ്. ഇത് വലിയ തിരക്കിന് കാരണമായെന്നും ഹർജിയിൽ ആർ‌സി‌എസ്‌എലും ആർ‌സി‌ബിയും ആരോപിക്കുന്നു. അതേസമയം ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്ചപ്പറ്റിയെന്നാണ് ഇവന്റ് മാനേജ്‌മെന്റിൻ്റെ വാദം.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആര്‍സിബിയുടെ വിജയാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങ്. എന്നാല്‍ സ്റ്റേഡിയത്തിന് മുന്നിലേക്ക് ആളുകള്‍ നിയന്ത്രണാതീതമായി എത്തിയതോടെ ദുരന്തമായിമാറി. തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്.

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആര്‍സിബി ഐപിഎല്ലില്‍ കപ്പ് നേടുന്നത്. കപ്പിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ വിജയാഘോഷം ദുരന്തമായി മാറുകയായിരുന്നു. എന്നാല്‍ ഇത്രയും വലിയ ദുരന്തം നടന്നപ്പോഴും അകത്ത് പരിപാടി തുടര്‍ന്നതാണ് വിമര്‍ശനത്തിന് കാരണമായത്.

SCROLL FOR NEXT